ലോകമലയാളികളുടെ അനുഭവപരിജ്ഞാനം പ്രയോജനപ്പെടുത്തും : പി.ശ്രീരാമകൃഷ്ണന്‍

0
90

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവപരിജ്ഞാനവും വൈദഗ്ദ്ധ്യവും സമാഹരിച്ച് കേരളത്തിന് ഗുണകരമായ നിലയില്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുട്ടുള്ള സോഷ്യല്‍ ഹാക്കത്തോണ്‍ എന്ന സങ്കല്പം നോര്‍ക്കയുടെ ലക്ഷ്യമായി ഏറ്റെടുക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി ചുമതലയേറ്റ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഉപജീവനാര്‍ഥം വിദേശത്ത് തൊഴില്‍ തേടി പോവുകയും അതിനു ശേഷം നാട്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യുന്നവരാണ് കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍. ഈ രണ്ടു വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ നോര്‍ക്ക ഒരുപോലെ ഏറ്റെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിലേക്ക് നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എത്തിച്ചേരുന്നതിന് നടപടി കൈക്കൊള്ളും. അതോടൊപ്പം വിദേശപൗരത്വം സ്വീകരിച്ച മലയാളികളെ കൂടി അഭിസംബോധന ചെയ്യുന്ന തരത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ സാധ്യതകളും ആരായും. എല്ലാ ജില്ലകളിലും നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം അനുഭവവേദ്യമാക്കുന്ന തരത്തില്‍ നോര്‍ക്ക സെല്ലുകള്‍ സജീവമാക്കുമെന്നും സ്ഥാനമേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന സമാന പ്രശ്നങ്ങള്‍ വിജയകരമായി തരണം ചെയ്ത പല ലോകരാജ്യങ്ങളുമുണ്ട്. അവിടെങ്ങളിലുള്ള മലയാളികളുടെ അനുഭവപരിജ്ഞാനം കേരളത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ലോകമലയാളികളുടെ ആഗോളകൂട്ടായ്മ എന്ന നിലയില്‍ രൂപീകരിച്ച ലോകകേരളസഭ ഈ ദിശയില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ലോകകേരള സഭ കേവലം ബിസിനസ്സ് കൂട്ടായ്മയല്ല മറിച്ച് കേരളത്തിന്റെയും പ്രവാസി മലയാളികളുടെയും ആഗോളഅനുഭവങ്ങള്‍ പങ്കുവയ്ക്കാനും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള ആഗോളവേദിയാണ്.

നോര്‍ക്ക റൂട്ട്സ്, പ്രവാസിക്ഷേമ നിധി ബോര്‍ഡ്, ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് കൂടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിക്കും. വിദേശത്ത് കുടിയേറുന്ന മലയാളികളെ ഏകപക്ഷീയമായി പറഞ്ഞുവിടുന്നതിന് പകരം അവര്‍ക്ക് നൈപുണ്യവികസനത്തിന് കൂടുതല്‍ നടപടികള്‍ ആവിഷ്‌കരിക്കും. ഭാഷാ പഠനം അടക്കമുള്ള മേഖലകളില്‍ പദ്ധതി ആവിഷ്‌കരിക്കും. പ്രവാസി സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രത്യേകം ഊന്നല്‍ നല്‍കും.

പ്രവാസി മലയാളികളുടെ നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുന്നതിനും നിക്ഷേപകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമായി നിലവിലുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ശക്തിപ്പെടുത്തും. നിക്ഷേപരംഗത്ത് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൂടി കഴിയുന്ന തരത്തിലെ വേദിയാക്കി അതിനെ ഉയര്‍ത്തും. നോര്‍ക്ക രൂപീകരിച്ച് 25വര്‍ഷവും നോര്‍ക്കറ്ൂട്ട്സ് 20 വര്‍ഷവും പിന്നിടുന്ന ഘട്ടമാണിത്. കോവിഡു കാലത്ത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതരത്തിലെ പ്രദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയത്.

കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മേഖലയാണ് പ്രവാസം. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് കേരളത്തിന് പ്രവാസികളോടുള്ളത്. അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേല്‍ക്കാനെത്തിയ പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.