ഒരാഴ്ചക്കുള്ളിൽ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം

0
57

തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശ‍‍ർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. സാധാരണ തീർത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയിൽ ദേവസ്വം ബോർ‍ഡിന് നേരിയ ആശ്വാസം. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർ‍ശനം നടത്തിയത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വർധന. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുന്നത്

മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ 2019 ൽ കേരഫെഡാണ് നാളികേരം കരാർ എടുത്തിരുന്നത്. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും കരാർ ഏറ്റെടുത്തില്ലെങ്കിൽ കേരഫെഡിന് തന്നെ സംഭരണം ചുമതല നൽകും