Thursday
18 December 2025
21.8 C
Kerala
HomePoliticsകെ എം ഷാജിയുടെ പ്ലസ്‌ടു കോഴ: കെപിഎ മജീദിനെ ഒരുമണിക്കൂർ ചോദ്യം ചെയ്‌തു

കെ എം ഷാജിയുടെ പ്ലസ്‌ടു കോഴ: കെപിഎ മജീദിനെ ഒരുമണിക്കൂർ ചോദ്യം ചെയ്‌തു

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉൾപ്പെട്ട പ്ലസ്ടു കോഴക്കേസിൽ കെ പി എ മജീദ് എംഎൽഎയെ വിജിലൻസ് ചോദ്യംചെയ്തു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. പകൽ രണ്ടിന് തുടങ്ങിയ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ നീണ്ടു.

അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ എംഎൽഎയായിരുന്ന കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. അന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന മജീദിന് അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറ കോഴ സംബന്ധിച്ച പരാതി നൽകി . നേതൃത്വത്തിന്റെ അറിവോടെയാണ് കെ എം ഷാജി കോഴ വാങ്ങിയതെന്നായിരുന്നു ആക്ഷേപം.

കെ എം ഷാജിയെ സംരക്ഷിച്ച ലീഗ് നേതൃത്വം, നൗഷാദിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സസ്പെൻഷൻ എന്ന് നൗഷാദ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലാണ് വിജിലൻസ് വിവരം തേടിയത്. എന്നാൽ, ഇതു മജീദ് നിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ നൗഷാദ് ശ്രമിച്ചതായി കെ എം ഷാജി നൽകിയ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചതെന്നാണ് മജീദ് മൊഴി നൽകിയിരിക്കുന്നത്.

കണ്ണൂർ ജില്ലാ പ്രസിഡന്റ് പി കുഞ്ഞുമുഹമ്മദിനെയും വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ലീഗ് നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അതേസമയം, തന്നെ ചോദ്യം ചെയ്തില്ലെന്നായിരുന്നു കെപിഎ വാർത്താലേഖകരോട് മജീദ് പ്രതികരിച്ചത്. വിജിലൻസ് ഡിവൈഎസ്പിയെ കണ്ടത് സൗഹൃദ സന്ദർശനമാണെന്ന് പറഞ്ഞ മജീദ് കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
ഡിവൈഎസ്പിക്ക് പുറമെ എസ്ഐ പങ്കജാക്ഷൻ, എഎസ്ഐ വിനോദ്കുമാർ എന്നിവരും ചോദ്യംചെയ്യലിന് നേതൃത്വം നൽകി.

RELATED ARTICLES

Most Popular

Recent Comments