പാലക്കാട് മമ്പറത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ. സുബൈറിന്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതു വരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ന് വൈകീട്ടോടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്.
സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയവിരോധമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്ന് എഫ്.ഐ.ആർ പറയുന്നു.