കുട്ട–മലപ്പുറം വ്യവസായ ഇടനാഴി ഏഴ്‌ വൻ പദ്ധതി ; 6 ദേശീയപാതയ്‌ക്ക്‌ 62,320 കോടി

0
179

സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനത്തിന്‌ പുറമെ ഇതര ദേശീയപാതകളുടെ വികസനത്തിന്‌ ഏഴ്‌ വൻ പദ്ധതികൂടി. അഞ്ച്‌ ദേശീയപാതയ്‌ക്കും കുട്ട–- മലപ്പുറം പുതിയ ദേശീയപാതയ്‌ക്കുമായി 837 കിലോമീറ്ററിന്‌ 62,320 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കുന്നതായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം കേരളത്തെ അറിയിച്ചു.

പാലക്കാട്‌ –- കോഴിക്കോട്‌ എൻഎച്ച്‌ 966 നാലുവരി പാത 122 കിലോമീറ്ററിന്‌ 9272 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിവരികയാണ്‌. എൻഎച്ച്‌ 544 വാളയാർ–- വടക്കഞ്ചേരി 53 കിലോമീറ്റർ ആറുവരി പാതയ്‌ക്ക്‌ 4180 കോടി രൂപയുടെയും ഇതേപാതയിൽ തൃശൂർ– ഇടപ്പള്ളിവരെ 84.1 കിലോമീറ്റർ ആറുവരിയാക്കാൻ 4940 കോടി രൂപയുടെയും പദ്ധതിയുണ്ട്‌. തിരുവനന്തപുരം –-കൊട്ടാരക്കര–- കോട്ടയം–- അങ്കമാലി എൻഎച്ച്‌ 183, എസ്‌എച്ച്‌ 01 എന്നിവയിലെ 228 കിലോമീറ്ററിന്‌ 17,328 കോടിയും ഉണ്ട്‌.

എൻഎച്ച്‌ 744 കൊല്ലം–- ചെങ്കോട്ട 59 കിലോമീറ്റർ നാലുവരിയാക്കാൻ 4484 കോടിയുടെയും എൻഎച്ച്‌ 85ൽ കൊച്ചി–- മൂന്നാർ–- തേനി നാലുവരിയാക്കാൻ 152 കിലോമീറ്ററിന്‌ 11,552 കോടിയുടെയും പദ്ധതിയുണ്ട്‌. ഇവയുടെയെല്ലാം വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്‌ പുരോഗമിക്കുകയാണെന്നാണ്‌ ഉപരിതല ഗതാഗതമന്ത്രാലയം കേരളത്തെ അറിയിച്ചത്‌. പുതിയ ദേശീയപാതയായി കർണാടക കുട്ട–- മലപ്പുറം 139 കിലോമീറ്റർ വ്യവസായ ഇടനാഴിക്ക്‌ 10,564 കോടി രൂപയുടെ പദ്ധതിയുമാണ്‌ ആവിഷ്‌കരിക്കുന്നത്‌.