കഴക്കൂട്ടത്ത് സിപിഐ എം നേതാവിന്റെ വീടിനുനേരെ ബോംബേറ്

0
109

തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐ എം നേതാവിന്റെ വീടിന് നേരെ ബോംബേറ്. കർഷക സംഘം ആറ്റിപ്ര മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും, സിപിഐ എം നെഹ്റു ജങ്ഷൻ ബ്രാഞ്ചംഗവുമായ കൈലാസിൽ ഷിജുവിന്റെ വീടാണ് ശനി രാത്രി പതിനൊന്നോടെ ആക്രമിച്ചത്. കഞ്ചാവ് മാഫിയ അംഗങ്ങളായ മൂന്നുപേരാണ് ആക്രമണത്തിന് പിന്നിൽ.

വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഷിജുവിനെയും ഭാര്യ ശാലിനിയെയും ആക്രമിച്ചു. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റു. വീട്ടുപകരണങ്ങളും വാഹനവും തകർത്തു. സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ചന്തുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബൈക്കിൽ വീടിനു മുമ്പിൽ എത്തിയ മൂവരും വാളുമായെത്തി വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുന്നത് കണ്ട് മുറ്റത്തു നിന്ന ഷിജു ഓടി വീട്ടിൽക്കയറി വാതിൽ അടച്ചു. പോർവിളി മുഴക്കിയ സംഘം വീടിന്റെ ജനാല ചില്ലുകളും മറ്റും വെട്ടിപ്പൊളിച്ചു. ജനാലയ്ക്കുള്ളിലൂടെയാണ് നാടൻ ബോംബ് എറിഞ്ഞത്. .

ഉഗ്രശബ്ദത്തോടെയാണ് പൊട്ടിയത്. ഈ സമയം ഷിജുവിന്റെ ഒരു വയസ്സുള്ള കുഞ്ഞ്മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ശാലിനി കുഞ്ഞിനെയുമെടുത്ത് ഓടിയതിനാൽ ദുരന്തമൊഴിവായി. ശാലിനിയുടെ ചെവിയുടെ ഭാഗത്ത് നിസ്സാര പരിക്കുണ്ട്.

തുമ്പ – കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമണ കാരണം വ്യക്തമല്ല. സമീപവാസികളും പൊലീസും എത്തിയതോടെ സംഘം കടന്നു കളഞ്ഞു. കൗൺസിലർ മേടയിൽ വിക്രമൻ, സിപിഐ എം ആറ്റിപ്ര ലോക്കൽ സെക്രട്ടറി സാംബശിവൻ തുടങ്ങിയവർ സ്ഥലത്തെത്തി.