ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ. കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ശശിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളനാട് പഞ്ചായത്ത് നിർമ്മിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തിൽ വെള്ളനാട് ശശിയുടെ പേര് വയ്ക്കാത്തതിനാലാണ് ഫലകം
അടിച്ചു തകർത്തത്.
വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മൽ ആരോഗ്യ ഉപകേന്ദ്രത്തിലാണ് സംഭവം നടന്നത് . ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വെള്ളനാട് ശശി പ്രസിഡൻറ് ആയിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം വിനിയോഗിച്ച് ഈറ്റ തൊഴിലാളികൾക്ക് കെട്ടിടം നിർമ്മിക്കാൻ വെളിയന്നൂർ എൽപി സ്കൂളിന് പിന്നിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയത്, ഇതിൽ 5 സെൻറിലാണ് 50 ലക്ഷം വിനിയോഗിച്ച് ആരോഗ്യ ഉപകേന്ദ്രം പണി കഴിപ്പിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു നിർമ്മാണം.
തദ്ദേശ തെരഞ്ഞെടുപ്പോടെ ഉപകേന്ദ്രത്തിൻറെ ഉദ്ഘാടനം അടൂർ പ്രകാശ് എംപി നിർവഹിച്ചതായി കാണിച്ച് ഫലകം വച്ചു. എന്നാൽ സബ് സെൻറർ പണി പൂർത്തിയായപ്പോൾ പഞ്ചായത്ത് പ്രസിഡൻറ് കെഎസ് രാജലക്ഷ്നി സബ്സെൻറർ ഉദ്ഘാടനം ചെയ്തു. എന്നാൽ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഉദ്ഘാടനത്തിനോട് അനുബന്ധിച്ച ഫലകം ജില്ല പഞ്ചായത്തംഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് തകർക്കുകയായിരുന്നു.