വിചാരണനേരിടുന്ന കൊലക്കേസ് പ്രതിയെ ബിജെപി ജില്ലാ സെക്രട്ടറിയാക്കി പ്രമോഷൻ. മൈലക്കാട് ജോസ് സഹായൻ വധക്കേസിലെ ഏഴാം പ്രതിയും ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റുമായ ജയപ്രശാന്തിനെയാണ് ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. ഇയാൾ ഉൾപ്പെടെ 16 പേരടങ്ങുന്ന ജില്ലാ ഭാരവാഹിപ്പട്ടിക പ്രസിദ്ധീകരിച്ചു. ആറു വൈസ് പ്രസിഡന്റുമാർ, രണ്ട് ജനറൽ സെക്രട്ടറിമാർ, ആറു സെക്രട്ടറിമാർ, ട്രഷറർ, സെൽ കോ–-ഓർഡിനേറ്റർ എന്നിവരെയാണ് നിയമിച്ചത്. ഭാരവാഹികളിൽ ഭൂരിപക്ഷവും വി മുരളീധരൻ –-കെ സുരേന്ദ്രൻ വിഭാഗക്കാരാണ്.
ജനറൽ സെക്രട്ടറിമാരായിരുന്ന വെള്ളിമൺ ദിലീപിനും ഷൈലജയ്‌ക്കും സ്ഥാനം നഷ്‌ടപ്പെട്ടു. സുരേന്ദ്രന്റെ വിശ്വസ്‌തനായ കെ വിനോദും വയയ്‌ക്കൽ സോമനുമാണ് ജനറൽ സെക്രട്ടറി. സെക്രട്ടറിയായിരുന്ന ജിതിൻദേവിനെയും ഒഴിവാക്കി. കോർപറേഷൻ കൗൺസിലർ കൂടിയായ ശൈലജ പുറന്തള്ളപ്പെട്ടപ്പോൾ മറ്റൊരു കൗൺസിലറായ കൃപ വിനോദ് സെക്രട്ടറി പട്ടികയിൽ ഇടംനേടി. വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ള ആളാണ് കിഴക്കൻ മേഖലയിൽനിന്നുള്ള ഒരു സെക്രട്ടറി. ബി ശ്രീകുമാർ, ആർ സുരേന്ദ്രനാഥ്, വിജയൻ കരീപ്ര, രാജേശ്വരി രാജേന്ദ്രൻ, എം ശശികലറാവു, പത്മകുമാരി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അനിൽകുമാർ സെക്രട്ടറിയും ബിജു പുത്തയം സെൽ കോ–-ഓർഡിനേറ്ററുമാണ്. മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റു സ്ഥാനത്തുനിന്ന് ബിറ്റി സുധീറിനെ ഒഴിവാക്കി. ശാലിനി കെ രാജീവിനാണ് തൽസ്ഥാനം.
കൊല്ലം ജില്ലയിലെ ആദ്യ ക്വട്ടേഷൻ കൊല
ജില്ലയിൽ ആദ്യത്തെ ക്വട്ടേഷൻ കൊലപാതകക്കേസിലാണ് ജയപ്രശാന്ത് പ്രതിയായത്. കേസിന്റെ വിചാരണ ആഗസ്‌ത് രണ്ടിന് കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജ് മുമ്പാകെയാണ് ആരംഭിച്ചത്. 2009 ജൂലൈ 26നു രാത്രി ഒമ്പതിനു വീടിനു സമീപം കാറിലെത്തിയ സംഘം ജോസ് സഹായനെ വെട്ടിക്കൊല്ലുകയായിരുന്നു. അഞ്ചാം പ്രതി രഞ്ജുവിന്റെ പ്രണയം പെൺകുട്ടിയുടെ വീട്ടുകാരെ അയൽക്കാരനായ ജോസ് അറിയിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.