പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

0
100

തിരുവനന്തപുരം പേരൂർക്കട ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു. അത്യാഹിത വിഭാഗം, വിവിധ ഒ പികൾ, വാർഡുകൾ, പേ വാർഡുകൾ, ഇസിജി റൂം എന്നിവ സന്ദർശിക്കുകയും രോഗികളുടേയും ജീവനക്കാരുടേയും പാരാതികൾ കേൾക്കുകയും ചെയ്‌തു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്.

രാവിലെ ആയതിനാൽ ആശുപത്രിയിൽ കുറച്ച് തിരക്കായിരുന്നു. ആദ്യം ഒ പി വിഭാഗങ്ങളിലാണ് സന്ദർശനം നടത്തിയത്. ഒഫ്ത്താൽമോളജി ഒ പിയും ദന്തൽ ഒ പിയും ഒഴികെ മറ്റ് വിഭാഗങ്ങൾ പ്രവർത്തിച്ച് തുടങ്ങിയില്ല. ധാരാളം പേർ മെഡിസിൻ ഒ പിയിൽ കാണിക്കാൻ കാത്തിരുന്നെങ്കിലും ആ വിഭാഗത്തിൽ ഡോക്ടർമാർ ആരും ഇല്ലായിരുന്നു. അവിടെ നിന്ന് ഓർത്തോ വിഭാഗത്തിൽ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തിൽ ഒ പി ഇല്ലെന്ന് ബോർഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷൻ തീയറ്ററിലും ലേബർ റൂമിലും ഉള്ള 3 ഗൈനക്കോളജിസ്റ്റുകളെ മന്ത്രി കണ്ടു.

ഒ പി വിഭാഗത്തിലെ ഡോക്ടർമാരെ അന്വേഷിച്ചപ്പോൾ പലരും റൗണ്ട്‌സിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടൻ തന്നെ മന്ത്രി വാർഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോൾ ഡോക്ടർമാർ അവിടെയും എത്തിയിട്ടില്ലെന്ന് ബോധ്യമായി. മാത്രമല്ല വാർഡുകളിൽ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി. ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അറ്റന്റൻസ് പരിശോധിക്കുകയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകുകയും ചെയ്‌തു‌.

9 മണി വരെ ഒരു ഒ പി കൗണ്ടർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇ സി ജി റൂം അടച്ചിരിക്കുന്നു. ജീവനക്കാരുടെ കുറവ് പരിഹരിച്ച് എത്രയും വേഗം ഇവ പൂർണ തോതിൽ പ്രവർത്തിക്കാൻ മന്ത്രി നിർദേശം നൽകി. അടിയന്തരമായി ഇസിജി ടെക്‌നീഷ്യനെ നിയമിക്കാനും നിർദേശം നൽകി.

ആശുപത്രിയിലെത്തിയ മന്ത്രി പല രോഗികളുമായും സംസാരിച്ചു. അതിലൊരു രോഗി ആശുപത്രിയിൽ നിന്നും ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. മന്ത്രി അവരുടെ രേഖകൾ പരിശോധിച്ച് അർഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കാൻ നിർദേശം നൽകി. ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്‌ടറോട് മന്ത്രി റിപ്പോർട്ട് തേടി. അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മന്ത്രി മുന്നറിയിപ്പില്ലാതെ രാത്രി സന്ദർശനം നടത്തിയിരുന്നു. അതിനുശേഷം രണ്ടാഴ്‌ച‌യ്‌ക്കുള്ളിൽ അത്യാധുനിക അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു.