ഏഷ്യയിലെ എറ്റവും വലിയ ഹോമിയോ മരുന്ന് നിര്‍മാണ പ്ലാന്റ്; ഹോംകോയുടെ പുതിയ ഫാക്ടറി ഉദ്ഘാടനം ചെയ്ത് തോമസ് ഐസക്‌

0
55

ഹോംകോ യുടെ പുതിയ ഫാക്ടറി കെട്ടിടം ധനമന്ത്രി തോമസ് ഐസക് ഉദാഘാടനം ചെയ്തു. യന്ത്രങ്ങൾ അടക്കം 52 കോടി രൂപയാണ് ഫാക്ടറിയുടെ മൊത്തം നിക്ഷേപം. യന്ത്രങ്ങളും ഉപകരണങ്ങളും എത്താൻ കൊവിഡ് മൂലം കാലതാമസം നേരിട്ടിരുന്നു.

പ്രവർത്തനം ആരംഭിക്കുമ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ പ്ലാന്റ് ആയിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. ഹോംകോയേക്കാൾ വലിയ കമ്പനികൾ ഏറെയുണ്ടാവും.

പക്ഷെ ഇത് പോലൊരു കേന്ദ്രീകൃത പ്ലാന്റ് വേറെയുണ്ടാവില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇപ്പോഴുള്ള കപ്പാസിറ്റി വച്ച് കേരളത്തിലെ പോലും ഓർഡറുകൾ പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും 20 -30 കോടിയുടേതാണ് ഇപ്പോഴത്തെ ഉൽപ്പാദനമെന്നും ഇത് പുതിയ പ്ലാന്റ് വരുന്നതോടെ 100 കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു.

നൂറ്റമ്പതോളം ആളുകൾക്ക് പുതുതായി ജോലിയും ലഭിക്കും. ഇത്രയും മരുന്ന് വിൽക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളുടെയും വിദേശത്തെയും ഓർഡറുകൾ വേണ്ടി വരും. ദുരന്തം എന്താണെന്ന് വച്ചാൽ 2010 ൽ പ്രഖ്യാപിച്ച പുതിയ ഫാക്ടറിക്ക് രണ്ടു വട്ടം യുഡിഎഫ് കാലത്ത് തറക്കല്ലിട്ടു.

പക്ഷെ പണി തുടങ്ങാൻ 2017 വരെ കാത്തിരിക്കേണ്ടി വന്നു. മരുന്ന് നിർമ്മാണത്തിന് വേണ്ട ഉന്നത മാനദണ്ഡങ്ങൾ എല്ലാം പൂർണമായി പാലിച്ചു കൊണ്ടാണ് പുതിയ ഫാക്ടറി നിലവിൽ വന്നിരിക്കുന്നത്. ഹോംകോ സഹകരണാടിസ്ഥാനത്തിൽ ഉള്ള സ്ഥാപനം ആണെന്നത് പ്രത്യേകതയാണ്, മാത്രമല്ല ആരോഗ്യ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്.