കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം; സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സി.പി.ഐ.എം

0
45

കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്‌പ്പോഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പമാണെന്ന സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സി.പി.ഐ.എം തമിഴ്‌നാട് ഘടകം. പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയമ്മാളിന് 10 ലക്ഷം രൂപ നല്‍കിയ വിവരം അറിയിച്ചപ്പോഴായിരുന്നു നടന്റെ പ്രസ്താവന.

‘തമിഴ് നടന്‍ സൂര്യ സി.പി.ഐ.എമ്മിനെ പ്രശംസിക്കുകയും പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിന് ഒപ്പമാണെന്നും പറഞ്ഞു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ. ബാലകൃഷ്ണനോട് രാജാക്കണ്ണിന്റെ ഭാര്യയായ പാര്‍വതിയെ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

സൂര്യ പാര്‍വ്വതിക്ക് സഹായമായി 10 ലക്ഷം രൂപ നല്‍കി. ഇതിന് മുമ്പ് കെ. ബാലകൃഷ്ണന്‍ ഇക്കാര്യം സൂചിപ്പിച്ച് സൂര്യക്ക് കത്തയച്ചിരുന്നു. രാജാക്കണ്ണിന്റെയും പാര്‍വതിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ജയ് ഭീം എന്ന ചിത്രം ഒരുക്കിയത്.

1995ലാണ് തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ ഇരുള വംശജനായ യുവാവ് കസ്റ്റഡി മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അതിനെതിര നിയമ പോരാട്ടം നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ചുമാണ് സിനിമയില്‍ പറയുന്നത്,’ പാര്‍ട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ സൂര്യ പാര്‍വതിയമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത് വാര്‍ത്തയായിരുന്നു. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.