കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ന് മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ആരംഭിക്കുന്നു. കേരളത്തിന്റെ വൈവിധ്യമായ പ്രാദേശിക സംസ്‌കാരം, ചരിത്രം, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാനും അറിയാനുമാണ് സഞ്ചാരികളെത്തുന്നത്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെല്ലാം ഈ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരാണ്. ഇവയെല്ലാം ലഭ്യമാകുന്ന സ്ഥലങ്ങള്‍ ഒരു വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചനയിലുണ്ടായിരുന്നതായും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സഞ്ചാരികള്‍ക്ക് വേണ്ടത് അവര്‍ തന്നെ സെലക്ട് ചെയ്യാനുള്ള ഒരു സംവിധാനം. അതാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഇന്നുമുതല്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ആരംഭിക്കുകയാണ്. ടൂറിസം വകുപ്പിന്റെ പുതിയൊരു ചുവടുവെയ്പാണിത്. കേരളത്തിലെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാന്‍ എവിടെ പോകണം, ഏതൊക്കെ റിസോര്‍ട്ടില്‍ നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടന്‍ വിഭവങ്ങളുടെ രുചിയറിയാന്‍ സാധിക്കുക, എന്നിങ്ങനെ എല്ലാം ഇനി വിരല്‍തുമ്പിലാണ്.
ഹോട്ടലുകളുടേയും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനത്തില്‍ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടന്‍ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റേര്‍സിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആ സ്ഥാപനത്തെ ക്ലാസിഫൈ ചെയ്യും. ആര്‍ടി സില്‍വര്‍, ആര്‍ടി ഗോള്‍ഡ്, ആര്‍ടി ഡയമണ്ട് എന്നിങ്ങനെയാണ് ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും തരംതിരിക്കുക. പാരിസ്ഥിതിക മേഖലയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ആര്‍ടി ഗ്രീന്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കും. കൂടാതെ നിലവില്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ഹോംസ്റ്റെ, ഹൗസ് ബോട്ട്, ആയുര്‍വ്വേദ ടൂറിസം എന്നിവയും ഇനിമുതല്‍ ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും.
കേരള ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും വെബ്‌സൈറ്റില്‍ ക്ലാസിഫിക്കേഷന്‍ നല്‍കിയ സ്ഥാപനങ്ങള്‍ ലഭ്യമാകും.
സര്‍ക്കാര്‍ മുദ്രയുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കിയിട്ടായിരിക്കും ഇനി മുതല്‍ കേരളത്തിലേക്ക് ടൂറിസ്റ്റുകളെത്തുന്നത്. നമ്മുടെ പ്രാദേശിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.