പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

0
62

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു.വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ  കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങള്‍ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകള്‍ ഈണമിട്ടതും പാടിയതും പീര്‍ മുഹമ്മദാണ്. മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവ പ്രകടനങ്ങളും  മുഹമ്മദിനെ ശ്രദ്ധേയനാക്കി.

ജനനം കൊണ്ട് തമിഴ്നാട് തെങ്കാശിക്കാരനാണ്. 1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് ജനനം. തെങ്കാശിക്കാരിയായ ബല്‍ക്കീസാണ് മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോഴായിരുന്നു തലശ്ശേരിയിലേക്ക് എത്തുന്നത്. നാലായിരത്തോളം ഗാനങ്ങളില്‍ ഗായകനായും സംഗീതം നല്‍കിയും പീര്‍മുഹമ്മദിന്റെ പ്രതിഭ പതിഞ്ഞു.

തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. നാല് അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കവിതകള്‍ ചൊല്ലിക്കൊണ്ടായിരുന്നു തുടക്കം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദവും അദ്ദേഹം സ്വന്തമാക്കി.

നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്.