സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടു.ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു. നിയമനം പിഎസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. കെ. ബാബു ആവശ്യപ്പെട്ടതനുസരിച്ച് രേഖകള്‍ മന്ത്രിസഭയുടെ മേശപ്പുറത്ത് വച്ചു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പി എസ് സിക്ക് കീഴിലാകുന്നില്ല. അഡ‍്മിനിസ്ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പി എസ് സിക്ക് വിടുന്നതെന്നും യോഗ്യരായ ആളുകളില്‍ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ് സിക്ക് വിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം തീരുമാനം മണ്ടത്തരമാണെന്നാണ് മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി കെ. കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം.