സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചര്‍ച്ച നടത്തുക. കോട്ടയം ഗസ്റ്റ് ഹൗസില്‍ രാതി 10 നാണ് ചര്‍ച്ച. സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ചാർജ്ജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.