കണ്ണൂരിലെ പതിനൊന്നുകാരിയുടെ മരണം: പിതാവും ദുർമന്ത്രവാദിയായ ഉസ്താദും അറസ്റ്റിൽ

0
69

കണ്ണൂരില്‍ പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉസ്താദ് ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്.

ചികിത്സ നല്‍കാതെ കുട്ടിക്ക മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. അതിനിടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ കൂടി നേരത്തെ സമാനസാഹചര്യത്തില്‍ മരിച്ച വിവരം പുറത്തുവരുന്നുണ്ട്. ഇതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു.