Saturday
10 January 2026
31.8 C
Kerala
HomeKeralaകൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും...

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിത്സകളും വിജയിച്ചു.കേരള പിറവി ദിനമായ ഇന്ന് മുതലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. കൊല്ലം സ്വദേശികളായ 55 കാരനും 60 കാരനും ആന്‍ജിയോപ്ലാസ്റ്റി ചികിത്സയാണ് നല്‍കിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ഹൃദയ ധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ആദ്യം ആന്‍ജിയോഗ്രാമും തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിയും നടത്തി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാത്ത്‌ലാബ് ടീമിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചതോടെ സമയം വൈകാതെ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. വളരെയേറെ ചെലവുള്ള കാത്ത് ലാബ് ചികിത്സ മെഡിക്കല്‍ കോളേജില്‍ സജ്ജമായതോടെ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് അനുഗ്രഹമാകും. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാണ്. കാര്‍ഡിയോളജി വിഭാഗത്തിനും കാത്ത്‌ലാബിനുമായി ആവശ്യമായ ജീവനക്കാരെ നിയമിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പോലെ ഹൃദയ സംബന്ധമായ ചികിത്സകള്‍ ഇനി മുതല്‍ കൊല്ലം മെഡിക്കല്‍ കോളേജിലും ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.കാത്ത്‌ലാബിന് പുറമേ എട്ട് കിടക്കകളുള്ള കാര്‍ഡിയാക് ഐസിയു പ്രവര്‍ത്തനവും ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒ.പി വിഭാഗത്തിന് പുറമെ എക്കോ, ടിഎംടി ചികിത്സകളും തുടങ്ങിയിട്ടുണ്ട്. ആന്‍ജിയോപ്ലാസ്റ്റിക്ക് പുറമെ പേസ്‌മേക്കര്‍, ഇന്‍ട്രാ കാര്‍ഡിയാക് ഡിഫിബ്രിലേറ്റര്‍ , കാര്‍ഡിയാക് റീ സിങ്ക്രണൈസേഷന്‍ തെറാപ്പി എന്നീ നൂതന ചികിത്സകളും ഇനി ലഭ്യമായി തുടങ്ങും.കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പ്രവീണ്‍ വേലപ്പന്റെ നേതൃത്വത്തിലാണ് ചികിത്സ നല്‍കിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ റഷീദ്, ആശുപത്രി സൂപ്രണ്ട് ഡോ. ജി.എസ്. സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments