കണ്ണൂർ ജില്ലയിലെ ധർമ്മടം നിയോജക മണ്ഡലത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് പ്രവർത്തനം ആരംഭിച്ചു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലബാറിൻറെ ടൂറിസം വികസന രംഗത്ത് വലിയ സംഭാവനകൾ നൽകുന്നതായിരിക്കും ഈ സ്ഥാപനം. ടൂറിസം മേഖലയിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിലൂടെ സാധിക്കും. മാത്രമല്ല, ടൂറിസത്തിൻറെ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. മലബാറിൻറെ വിനോദസഞ്ചാര വികസന രംഗത്ത് പുതിയ ചുവടുവെയ്പായിരിക്കും ഈ സ്ഥാപനം.
കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹോട്ടൽ മാനേജ്മെൻറ് കോളേജ് തലശ്ശേരി മൂന്നാം മൈലിലുള്ള കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടത്തിലാണ് ഇപ്പോൾ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫുഡ് പ്രൊഡക്ഷൻ ലബോറട്ടറി, റസ്റ്റോറൻറ്, ഹൗസ് കീപ്പിംഗ് ലാബ്, ഫ്രണ്ട് ഓഫീസ് ലാബ്, ക്ലാസ് റൂമുകൾ എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഥിരം ക്യാമ്പസ് നിർമ്മിക്കുന്നതിനായി പിണറായിയിൽ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.