സംസ്‌ഥാനത്ത്‌ കലാപമുണ്ടാക്കി തുടർഭരണം ഇല്ലാതാക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നു : എ വിജയരാഘവൻ

0
79

സംസ്‌ഥാനത്ത്‌ കലാപമുണ്ടാക്കി തുടർഭരണം ഇല്ലാതാക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്നും അപകടകരമായ രാഷ്‌ട്രീയമാണ്‌ കോൺഗ്രസ്‌ കളിക്കുന്നതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു എ വിജയരാഘവൻ.

തുടർഭരണം ഇല്ലാതാക്കാൻ യുഡിഎഫ്‌ നടത്തുന്നത്‌ തരംതാണ കളികളാണ്‌. മൂന്ന്‌ ലക്ഷം താലക്കാലികക്കാരെ സ്‌ഥിരപ്പെടുത്തിയെന്നാണ്‌ ചെന്നിത്തല കള്ളം പറയുന്നത്‌. അങ്ങിനെയെങ്കിൽ ചെന്നിത്തല ആ കണക്ക്‌ പുറത്തുവിടണം. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള ജാഥയാണ്‌ ചെന്നിത്തല നടത്തുന്നത്‌. മലബാർ കഴിഞ്ഞതോടെ ആ കളിയാണ്‌ ചെന്നിത്തല നടത്തുന്നത്‌.

പിഎസ്‌സി വിഷയത്തിൽ സർക്കാരിനെതിരെ അക്രമസമരം അഴിച്ചുവിടുകയാണ്‌ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും . സർക്കാരിന്‌ നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവർത്തിക്കാനാകൂ. ഇതെല്ലാം ജനം കാണുന്നുണ്ട്‌.

വികസനത്തിന്റെ വേഗത തടയാനാണ്‌ അവരുടെ ശ്രമം. പരമാവധി ആളുകൾക്ക്‌ ജോലി നൽകിയ സർക്കാരാണിത്‌. ഈ സർക്കാർ കൈക്കൂലി വാങ്ങി റാങ്ക്‌ ലിസ്‌റ്റ്‌ നീട്ടിയിട്ടില്ല. ആറുമാസം മുന്പ്‌ കാലാവധി കഴിഞ്ഞ റാങ്ക്‌ ലിസ്‌റ്റിലുള്ളവരാണ്‌ സമരം ചെയ്യുന്നത്‌. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ കോൺഗ്രസ്‌.

കോൺഗ്രസിന് എവിടെയാണ്‌ രാഷ്‌ട്രീയ മൂലബോധമോ കാഴ്‌ചപാടോ ഉള്ളത്‌. അധികാരങ്ങൾ വീതംവെച്ച്‌ എടുക്കലാണ്‌ അവിടെ നടക്കുന്നത്‌. വിമോചന സമരത്തിലൂടെ വന്ന നേതാക്കളല്ലേ അവർക്കുള്ളത്‌. ആറ്‌ ദശകമായി അവർ തുടരുകയാണ്‌. പിന്നെയുള്ളത്‌ അവരുടെ പെട്ടിയെടുപ്പുകാരും. വേറൊരു നേതൃത്വം അവർക്കുണ്ടോ. വ്യത്യസ്‌ത വർഗീയതകളുമായി സന്ധിചെയ്‌ത്‌ അഴിമതിയെ വളർത്തുന്ന രാഷ്‌ട്രീയത്തിനാണ്‌ കോൺഗ്രസ്‌ നോക്കുന്നത്‌. അവരവരുടെ സ്‌ഥാനങ്ങൾ നിലനിർത്താൻ അവസരവാദ രാഷ്‌ട്രീയം കളിക്കുകയാണ്‌. എന്നിട്ട്‌ വലിയ മാന്യൻമാരായി നടക്കുകയാണ്‌.

അഴിമതിയില്ലാത്ത ഭരണം ഈ അഞ്ച്‌ വർഷം കണ്ടത്‌ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌. അത്‌ എങ്ങിനെയെങ്കിലും അവർക്ക്‌ ഇല്ലാതാക്കണം

കോൺഗ്രസിനകത്തുതന്നെ പലവിധ പ്രശ്‌നങ്ങളാണ്‌. പല ഗ്രൂപ്പുകളുടെ സമ്മർദ്ദം അതിനകത്തുണ്ട്‌. ഇപ്പോൾ ജാഥ നടത്തുന്ന പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയാകില്ലെന്ന്‌ ഉറപ്പിക്കാൻ ഒരു ഉന്നത കമ്മിറ്റിയുണ്ടാക്കി അതിന്‌ മുകളിൽ ഉമ്മൻചാണ്ടിയെ വെച്ച്‌ എയർപോർട്ടിൽ സ്വീകരണം നൽകിയ പാർടിയാണ്‌ അവരുടേത്‌.

ഒരുവിഷയത്തിൽ പ്രതിപക്ഷ നേതാവ്‌ പറയുന്നതിന്‌ വ്യത്യസ്‌തമായി കെപിസിസി പ്രസിഡന്റ്‌ പറയും അതിലും വ്യതസ്‌തമായി വേറൊരിടത്ത്‌ ഉമ്മൻചാണ്ടി പറയും . എന്നിട്ട്‌ നാട്ടുകാരെ പറ്റിക്കുക. അതാണ്‌ അവർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.