എട്ട്‌ മെഡിക്കല്‍ കോളേജുകളില്‍ ഇ – ഹെല്‍ത്ത് സംവിധാനത്തിന് 10.50 കോടി

0
83

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം വിപുലീകരിക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ നടന്നു വരുന്ന വിവിധ ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സംസ്ഥാനത്ത് ഇതിനകം 300 ആശുപത്രികള്‍ ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അതില്‍ 100 എണ്ണം ഈ സര്‍ക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ 300 എണ്ണത്തില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുകയാണ് ഇ ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ചികിത്സ, റിസര്‍ച്ച്, ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം, രോഗനിര്‍ണയം, പൊതുജനാരോഗ്യം നിരീക്ഷിക്കല്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. കൂടാതെ രോഗിയുടെ രോഗ വിവരങ്ങള്‍ മനസിലാക്കല്‍, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകള്‍ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവര്‍ത്തനം, മെഡിക്കല്‍ രേഖകളുടെ കമ്പ്യട്ടര്‍വത്ക്കരണം, ഇലക്‌ട്രോണിക് റെഫറല്‍ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാഥമിക മേഖലയില്‍ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ എത്തിക്കല്‍, മെഡിക്കല്‍ റെക്കാര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഒരാള്‍ ഒ.പി.യിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുന്നു. ഒ.പി. ടിക്കറ്റ് എടുക്കാനും മുന്‍ കൂട്ടി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഒ.പി. ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ എന്നിങ്ങനെ എല്ലാ സേവനങ്ങള്‍ക്കും ടോക്കണ്‍ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓണ്‍ലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടര്‍ക്കും ലഭ്യമാകുന്നു.

വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകള്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളില്‍ ലഭ്യമാകുന്നതിനാല്‍ കേന്ദ്രീകൃത കമ്പ്യൂട്ടറില്‍ നിന്നും മുന്‍ ചികിസാ രേഖകള്‍ ലഭ്യമാക്കി കൃത്യമായ തുടര്‍ ചികിത്‌സ നിര്‍ണയിക്കാന്‍ സാധിക്കുന്നു. രോഗികള്‍ക്ക് തങ്ങളുടെ ചികില്‍സാ സംബന്ധിയായ രേഖകള്‍ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു. ഇതിലൂടെ കടലാസ് രഹിത ആശുപത്രി പ്രവര്‍ത്തനം സാധ്യമാക്കുന്നു.