ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു

0
67

ചൈനയിൽ ചെറിയ ഇടവേളയ്ക്കുശേഷം രോഗം വീണ്ടും രൂക്ഷമാവുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ പല പ്രവിശ്യകളിലും സ്കൂളുകൾ അടച്ചുപൂട്ടുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പല പ്രവിശ്യകളുടെയും അതിർത്തികൾ അടയ്ക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒട്ടുമിക്ക പ്രവിശ്യകളിലും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോകത്തെ മറ്റുരാജ്യങ്ങൾ നിയന്ത്രണങ്ങളിൽ കാര്യമായ അയവുവരുത്തിയപ്പോഴാണ് ചൈന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത്.

വിനോദ സഞ്ചാരികളിൽ നിന്നാകാം ഇപ്പോഴത്തെ രോഗബാധ എന്നാണ് കരുതുന്നത്. അതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്നത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.രാജ്യത്തെ വടക്കൻ പ്രദേശങ്ങൾ, എറൻഹോട്ട് നഗരം, തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാൻ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതൽ. ഇവിടങ്ങളിൽ ഗുരുതര ലക്ഷണങ്ങളോടെ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

2019 ഡിസംബറിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധ നിയന്ത്രണവിധേയമാക്കിയശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ചൈനയിൽ ആശങ്കാജനകമായ അളവിൽ വീണ്ടും രോഗം വ്യാപിച്ചിരുന്നു. കൂട്ടപ്പരിശോധനയിലൂടെയും ലോക്ക്‌ഡൗൺ ഉൾപ്പടെയുള്ള കർശന നിയന്ത്രണങ്ങളിലൂടെയും കൊവിഡിനെ അപ്പോഴും ചൈന നിയന്ത്രണവിധേയമാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും രാജ്യത്ത് രോഗബാധ റിപ്പോർട്ടുചെയ്തത്. തുടരെത്തുടരെ രോഗം രൂക്ഷമാകുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കൊവിഡിനുശേഷം രാജ്യത്തെ സേവന മേഖല വളരെ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. വീണ്ടും രോഗബാധ റിപ്പോർട്ടുചെയ്യുന്നത് ഇക്കാര്യത്തിൽ തിരിച്ചടിയാകുമെന്നാണ് സാമ്ബത്തിക വിദഗ്ദ്ധർ കരുതുന്നത്.

രാജ്യത്തെ ജനസംഖ്യയിൽ തൊണ്ണൂറുശതമാനത്തിനും വാക്സിനേഷൻ നൽകിയെന്നാണ് ചൈന അവകാശവാദമുന്നയിച്ചിരുന്നുത്. സെപ്തംബറിലും ഇപ്പോഴും രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറിയകൂറും രണ്ടുഡോസ് വാക്സിൻ എടുത്തവരുമാണ്. ചൈനയുടെ കൊവിഡ് വാക്സിന് വേണ്ടത്ര ഫലപ്രാപ്തി ഇല്ലെന്ന് നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ലോകത്ത് ആദ്യം വാക്സിൻ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ വേണ്ടത്ര പരീക്ഷണങ്ങൾ നടത്താത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. അടുത്ത സുഹൃത്തായ പാകിസ്ഥാൻ പോലും ചൈനയുടെ വാക്സിൻ ഫലപ്രാപ്തിയിൽ സംശയമുന്നയിച്ചിരുന്നു. പല രാജ്യങ്ങളും ചൈനയുടെ വാക്സിൻ നിരസിക്കുകയും ചെയ്തു.