ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 35 ആയി

0
43

മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ വൻ പ്രളയത്തിൽ ഉത്തരാഖണ്ഡിൽ 35 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാംഗഡ് ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ പത്ത് പേർ മണ്ണിനടിയിലായി. ഓട്ടേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി. നൈനിറ്റാൾ ഒറ്റപ്പെട്ടു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും വീട് നഷ്ടപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചു.

ദുരന്തമേഖലയിൽ കേന്ദ്ര-സംസ്ഥാന സേനകളും എൻ.ഡി.ആർ.എഫും രക്ഷാപ്രവർത്തനം തുടരുകയാണ്. വ്യോമസേനയുടെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിനെത്തി. നൈനിറ്റാൾ ജില്ലയിൽ മൂന്ന് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.

പ്രശസ്തമായ ബദരിനാഥ് ചാർധാം യാത്രയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകരും സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെത്തിയവരും പല കേന്ദ്രങ്ങളിലായി കുടുങ്ങി. 2500ലേറെ തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. ചർധാംയാത്ര സംസ്ഥാന സർക്കാർ താത്കാലികമായി നിറുത്തിവച്ചു. യാത്രയിൽ പങ്കെടുക്കാനായി ഹരിദ്വാറിലും ഋഷികേശിലുമെത്തിയവരോട് തുടർയാത്ര ഒഴിവാക്കാൻ അഭ്യർത്ഥിച്ചു.

പ്രളയത്തെ തുടർന്ന് ഒരു ദേശീയപാതയും ഏഴ് സംസ്ഥാന പാതകളും ഒമ്പത് പ്രാദേശിക റോഡുകളും അടച്ചു. ഗേള നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. ചമ്പാവത്തിലെ ചാൽത്തി നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന ഒരു പാലവും ഒലിച്ച് പോയതിൽപ്പെടുന്നു. റെയിൽവേയുടെ ഷണ്ടിംഗ് ലൈൻ നശിച്ചതിനെ തുടർന്ന് കാത്ത് ഗോഡം മേഖലയിലെ ട്രെയിനുകൾ റദ്ദാക്കി.