ഇടുക്കി ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു; തീരങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം

0
74

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. മൂന്നും നാലും ഷട്ടറുകളാണ് 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. രാവിലെ 11നാണ് മൂന്നാമത്തെ ഷട്ടര്‍ തുറന്നത്.

വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിക്കാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. രണ്ടാമത്തെ ഷട്ടറാണ് അവസാനം തുറക്കുന്നത്. മിനിറ്റുകളുടെ ഇടവേളയില്‍ 3 മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയശേഷമാണ് ഷട്ടറുകള്‍ തുറന്നത്.

സെക്കന്‍ഡില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകള്‍ ഉയര്‍ത്തുമ്ബോള്‍ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 നെ അപേക്ഷിച്ച്‌ പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച്‌ ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല. മൂന്നുവര്‍ഷത്തിനു ശേഷം വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനായ കുറ്റമുറ്റ മുന്നൊരുക്കങ്ങളാണ് നടന്നത്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.