Thursday
18 December 2025
24.8 C
Kerala
HomeKeralaമാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു.

ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിൽ 1935 ൽ ജനിച്ച വിഎം കുട്ടി, മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ പ്രധാനധ്യാപകനായി ചേർന്നു. 1985 ൽ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ് മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത്.

1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്കുള്ള വിഎം കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.

മൈലാഞ്ചി,പതിനാലാം രാവ്,ഉല്പത്തി,സമ്മാനം,മാന്യമഹാ ജനങ്ങളേ,സമ്മേളനം,1921,മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി.എം.കുട്ടി.

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം (എം.എൻ. കാരശ്ശേരിയുമായി ചേർന്ന് എഴുതിയത്), വൈക്കം മുഹമ്മദ് ബഷീർ(മാലപ്പാട്ട്) എന്നിവയാണ് അദ്ദേഹം രചിച്ച കൃതികൾ.

RELATED ARTICLES

Most Popular

Recent Comments