കർഷക കൂട്ടക്കുരുതി, മന്ത്രി പുത്രൻ ജയിലിൽ

0
83

ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ച്‌ കൊന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ്‌മിശ്ര ജയിലിലായി. 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ശനി രാത്രി വൈകി അറസ്‌റ്റ്‌ രേഖപ്പെടുത്തി 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. അർധരാത്രിയോടെ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കിയാണ് ആശിഷ് മിശ്രയെ റിമാൻഡ് ചെയ്തത്. കസ്‌റ്റഡിയിൽ വേണമെന്ന യുപി പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആശിഷ് മിശ്രയെ പിന്നീട്‌ ജില്ലാ ജയിലിലേക്ക്‌ മാറ്റി.

ചോദ്യംചെയ്യേണ്ടതിനാൽ കസ്‌റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പൊലീസ്‌ ലഖിംപുർ കോടതിയെ സമീപിക്കും. മകൻ ജയിലിലയായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ നില പരുങ്ങലിലായി. തനിക്കോ മകനോ പങ്കില്ലെന്ന നിലപാടാണ്‌ മന്ത്രി തുടക്കംമുതൽ സ്വീകരിച്ചത്‌. മകന്റെ അറസ്റ്റോടെ ഈ വാദം പൊളിഞ്ഞു.

പ്രതിയുടെ പിതാവ്‌ ആഭ്യന്തരസഹമന്ത്രിയായിരിക്കെ ഇരകൾക്ക്‌ എങ്ങനെ നീതി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും കര്ഷകസംഘടനകളും രംഗത്ത് വന്നതോടെ മന്ത്രിസ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന ഭയത്തിലാണ് മന്ത്രി. അജയ്‌മിശ്രയുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധം ഉയരുന്നുണ്ട്.

കർഷകർക്ക്‌ എതിരെ വിദ്വേഷപ്രസംഗം നടത്തിയ മന്ത്രിക്ക്‌ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയാനാകില്ലെന്ന്‌ സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഗൂഢാലോചനയിലും തെളിവുകൾ നശിപ്പിക്കുന്നതിലും മന്ത്രിക്ക്‌ പങ്കുണ്ട്‌. അജയ് മിശ്രയെ ഉടൻ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടു.