Wednesday
17 December 2025
30.8 C
Kerala
HomeKeralaBREAKING ഉത്ര വധക്കേസ് : പ്രതി സൂരജ് കുറ്റക്കാരൻ; വിധി ഈ മാസം 13ന്

BREAKING ഉത്ര വധക്കേസ് : പ്രതി സൂരജ് കുറ്റക്കാരൻ; വിധി ഈ മാസം 13ന്

കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനാണെന്നു കോടതി. വിധികേൾക്കാൻ ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ‌ാണു വിധി പ്രസ്താവിച്ചത്. ശിക്ഷ 13ന് പ്രഖ്യാപിക്കും എന്ന് അറിയിച്ചതോടെ സൂരജിനെ കൊല്ലം ജയിലിലേക്ക് മാറ്റി.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷമാണ് സൂരജ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും അതിനാൽ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചെറുപ്പമാണെന്നും പ്രായമായ മാതാപിതാക്കൾ മാത്രമാണ് തനിക്കുള്ളതെന്നും അവരെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. തുടർന്നാണ് സൂരജിനെ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണു രാജ്യത്തുതന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെ, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

കഴിഞ്ഞവര്‍ഷം ഒാഗസ്റ്റ് 14ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.

ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിന്റെ കയ്യിൽനിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.

 

 

 

 

UPDATING…..

RELATED ARTICLES

Most Popular

Recent Comments