സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ സർക്കാർ പുറത്തിറക്കി. ‘തിരികെ സ്കൂളിലേക്ക്’ എന്ന തലക്കെട്ടോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും ചേര്‍ന്നാണ് മാർഗരേഖ പുറത്തിറക്കിയത്. സ്കൂള്‍ തുറക്കുമ്പോൾ ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. ക്ലാസ് മുറികളെ ബയോ ബബിളായി പരിഗണിക്കും.
കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.സ്കൂള്‍ തുറന്നാലും ഒപ്പം ഡിജിറ്റല്‍ ക്ലാസും ഉണ്ടാകും. രക്ഷിതാക്കളുടെ സമ്മതമുള്ള കുട്ടികള്‍ മാത്രം സ്കൂളിലെത്തിയാല്‍ മതി. എല്ലാവരും സ്കൂളിലേക്ക് എത്തണമെന്ന് നിര്‍ബന്ധവുമില്ല. വിപുലമായ അക്കാദമിക് കലണ്ടറും പ്രസിദ്ധീകരിക്കും.
ടൈംടേബില്‍ പ്രത്യേകം ഉചിതമായി സജ്ജമാക്കും. പൊതു അവധി അല്ലാത്ത ശനിയാഴ്ചകള് പ്രവൃത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം നല്‍കുന്നത് സ്കൂളുകളുടെ സാഹചര്യം പരിഗണിച്ചായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം, രണ്ട് ഡോസ് വാക്സീന് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നിര്‍ബന്ധമാണ്. സ്കൂള്‍ ബസിലെ ജീവനക്കാരും വാക്സീന് എടുത്തവരാകണം.
ജീവനക്കാര്‍ക്ക് പുറമേ സ്കൂള്‍ പ്രദേശത്തെ കടകളിലെ ജീവനക്കാരും വാക്സീന് എടുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. സ്കൂളുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. ഓണ്‍ കോളില്‍ എത്താവുന്ന ഡോക്ടര്‍ സ്കൂളിനായി ഉണ്ടാവണം. പോലീസ് ഓഫീസര്‍മാര്‍ക്കും പ്രത്യേക ചുമതല നല്‍കും. ആറ് വകുപ്പുകള്‍ക്ക് ഏകോപന ചുമതല നല്‍കുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.ഓട്ടോയില്‍ പരമാവധി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് യാത്രാനുമതി.കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സര്‍വീസ് നടത്തും. സ്കൂള്‍ ബസ് ഇല്ലാത്തിടത്ത് ജനകീയ പങ്കാളിത്തത്തോടെ പകരം വാഹനം ഒരുക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.