അവസാനത്തേതും ചത്തു; സിംഹമില്ലാത്ത ലോകത്തെ ആദ്യത്തെ സിംഹ പാർക്കായി സഫാരി

0
80

ഏഷ്യയിലെ ആദ്യത്തെ സിംഹപാര്‍ക്കെന്ന വിശേഷണത്തില്‍ നിന്ന് സിംഹമില്ലാത്ത ലോകത്തെ ആദ്യത്തെ സിംഹ പാര്‍ക്ക് എന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് നെയ്യാര്‍ ഡാമിലെ സഫാരി പാര്‍ക്ക്. അവസാനത്തെ സിംഹവും ചത്തിട്ട് നാല് മാസമായെങ്കിലും പകരം സിംഹത്തെ എത്തിക്കാന്‍ നടപടിയില്ല. ഇതോടെ ഇരുപതേക്കറോളം വരുന്ന പാര്‍ക്കിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗകര്യങ്ങളെല്ലാം നശിക്കുകയാണ്.

പ്രകൃതി സൗന്ദര്യത്തിന്റെ കയ്യൊപ്പുണ്ട് നെയ്യാര്‍ഡാമില്‍. വന്യസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഓടിയെത്തുന്നയിടം. 1985ല്‍ തുടങ്ങിയ പാര്‍ക്കില്‍ ഒരുകാലത്ത് 16 സിംഹം വരെയുണ്ടായിരുന്നു. കാട്ടിലൂടെ വിഹരിക്കുന്ന സിംഹങ്ങളെ അടുത്ത് കാണാനാവുന്ന പാര്‍ക്കിലേക്ക് സഞ്ചാരികളും ഒഴുകിയെത്തി. 2005ല്‍ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെ പാര്‍ക്കിന്റെ നാശം തുടങ്ങി. ഒന്നൊന്നായി ചത്ത് ഒടുവില്‍ ജൂണ്‍ 2ന് അവസാനത്തെ അംഗമായിരുന്നു ബിന്ദുവും പോയി. ഇപ്പോളെത്തുന്ന സഞ്ചാരികള്‍ കാട് കണ്ട് മടങ്ങണം.

മൃഗശാലകളില്‍ നിന്നൊ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ സിംഹത്തെ എത്തിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു.. ഇരുപതേക്കറോളം വലിപ്പമുള്ള പാര്‍ക്ക്, അവിടെ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, മൃഗങ്ങളുടെ കൂടുകള്‍ അങ്ങിനെ സിംഹമില്ലാത്ത പാര്‍ക്കില്‍ ഇപ്പോള്‍ എല്ലാം നശിക്കുകയാണ്. ഒപ്പം നെയ്യാര്‍ ഡാമിന്റെ പേരും പെരുമയും.