പോലീസിന്‍റെ കൃത്യനിര്‍വഹണം നിയമപരവും, നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി.

0
78

ക്രമസമാധാനപാലനനിര്‍വ്വഹണവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം തന്നെ കോവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശംസനീയമായ നിലയില്‍ സേവനമനുഷ്ഠിക്കുന്ന സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിപരമായി മാനസികസമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുത്. സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാന്‍ കഴിയണം. കൃത്യനിര്‍വഹണം നിയമപരവും നടപടിക്രമങ്ങള്‍ക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം.

പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത പൊതുവേ കണ്ടുവരുന്നു. പോലീസിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നില്‍. പോലീസിനെതിരെ പരാതികള്‍ ഉയരുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാരും സബ്ഡിവിഷന്‍ ഓഫീസര്‍മാരും അക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം.

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും നല്ല സൂക്ഷ്മതവേണം. സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ച വയ്ക്കണം. തങ്ങളുടെ എല്ലാ പ്രവൃത്തികളും സമൂഹവും സഹപ്രവര്‍ത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധം എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണം. വിമര്‍ശനം ഉണ്ടാകാനിടയുള്ള പ്രവൃത്തികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കണം. അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുകതന്നെ വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന ഇല്ലാത്ത പരിപാടികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പരാതികള്‍ നേരിട്ട് കേള്‍ക്കണം. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ ജില്ലാ പോലീസ് മേധാവിമാര്‍ അടക്കം സംഭവസ്ഥലത്ത് എത്തണം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ യഥാസമയം കുറ്റപത്രം നല്‍കുന്നുവെന്ന് സബ്ഡിവിഷന്‍ പോലീസ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.

കീഴുദ്യോഗസ്ഥരുടെ പരാതികൾ മനസ്സിലാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ശ്രദ്ധിക്കണം. ഡ്യൂട്ടി, പാര്‍പ്പിടം, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ്, യാത്രാബത്ത, സാമ്പത്തികകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അനുഭാവപൂര്‍വ്വം കേള്‍ക്കണം. അവരുടെ ക്ഷേമം ഉറപ്പാക്കാനായി സാധ്യമായതെല്ലാം ചെയ്യണം.

സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും കസ്റ്റഡി മരണവും ഉണ്ടാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അനുസരിച്ചാണ് പോലീസിന്‍റെ പ്രതിച്ഛായ രൂപീകൃതമാകുന്നത്. പോലീസ് സ്റ്റേഷനുകളില്‍ കിട്ടുന്ന പരാതികള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടാകണം. ഒരു പരാതിയും അവഗണിക്കപ്പെടരുത്. നിയമപരമായ പരിമിതികള്‍ മൂലം നടപടി സ്വീകരിക്കാനാകാത്ത പരാതികളില്‍ അക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്ക് മറുപടി നല്‍കണം.

പോലീസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍ക്ക് രസീത് നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കും. രസീത് നല്‍കാനുള്ള ചുമതല സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കണം. പല പോലീസ് സ്റ്റേഷനുകളിലും ഇമെയില്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കണം. ഓണ്‍ലൈന്‍ പരാതികള്‍ക്കും രസീത് നല്‍കണം. എഫ്.ഐ.ആറിന്‍റെ പകര്‍പ്പും അന്വേഷണ പുരോഗതിയും പരാതിക്കാര്‍ക്ക് നിയമാനുസൃതം നല്‍കണം.

പോലീസിന്റെ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായമനസ്കതയോടെയും ആയിരിക്കണം. പോലീസ് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഏറെ സമയം വെറുതെ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല.

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഉടനടി നടപടി വേണം. ഇരകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തന്നെ അന്വേഷിക്കണം. ഇത്തരം കേസുകള്‍ പ്രതിമാസ യോഗത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകം അവലോകനം ചെയ്യണം. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാകാത്ത എല്ലാ കേസുകളും പ്രത്യേകം അവലോകനം ചെയ്യുകയും അതിനുള്ള കാരണം ഡി.ഐ.ജി-മാരെ ബോധ്യപ്പെടുത്തുകയും വേണം. പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണം.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുകയും അവര്‍ക്ക് നിയമപരമായ കാര്യങ്ങള്‍ ഉറപ്പാക്കുകയും വേണം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ അടിയന്തര നടപടി സ്വീകരിക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കണം. ജനമൈത്രി പദ്ധതി പ്രകാരം, ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിക്കുന്നത് പൂര്‍വ്വാധികം ഭംഗിയായി തുടരണം.

പോലീസ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനവും അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. മണ്ണുമാഫിയ, റിയല്‍ എസ്റ്റേറ്റ് എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പോലീസിന് കളങ്കം ഏല്‍പ്പിക്കുന്നു. തങ്ങളുടെ അധികാരപരിധി അഴിമതിരഹിതമാണെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഹണിട്രാപ്പ് മുതലായ ചതികളില്‍ പോലീസ് പെടുന്നത് കളങ്കം ഏല്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യം തടയുന്നതിന്‍റെ ഭാഗമായി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

പോലീസില്‍ ആധുനികവല്‍ക്കരണം മുന്നോട്ടുകൊണ്ടുപോകും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വിപുലീകരണത്തിന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനം നല്‍കും. കൃത്യനിര്‍വഹണത്തിനിടെ പോലീസിനെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ശക്തിപ്പെടുത്തും. സ്റ്റേഷന്‍ രേഖകള്‍ കൃത്യമായി പരിപാലിക്കാന്‍ ശ്രദ്ധ ചെലുത്തണം.