Thursday
18 December 2025
24.8 C
Kerala
HomeIndiaആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ല. ; ഇടപാടുകാരെ വലച്ച് എസ്ബിഐ യോനോ

ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ല. ; ഇടപാടുകാരെ വലച്ച് എസ്ബിഐ യോനോ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മൊബൈൽ ബാങ്കിങ് ആപ്പായ എസ്ബിഐ യോനോ അക്കൗണ്ട് ഉടമകളെ വട്ടംകറക്കുന്നതായി പരാതി. യോനോ ആപ്പ് ഉപയോ​ഗിച്ചുകൊണ്ടിരുന്നവർക്ക് പുതിയ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാകുന്നില്ല. ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള നടപടിക്രമങ്ങളിൽ ആദ്യത്തെ ഒന്നോ രണ്ടോ ഘട്ടം കഴിയുമ്പോൾ തടസ്സം നേരിടുകയോ മുന്നോട്ട് പോകാനാകില്ലെന്ന് അറിയിക്കുന്ന എറർ മെസേജ് ലഭിക്കുകയോ ചെയ്യുന്നു. ബാങ്കിന്റെ ശാഖകളിൽ പരാതിയുമായി ചെന്നവർക്കുമുന്നിൽ ജീവനക്കാരും നിസ്സഹായരാവുകയാണ്. വീണ്ടും ശ്രമിക്കാൻ ആവശ്യപ്പെടുകമാത്രമാണ് അവർ ചെയ്യുന്നതെന്നും അക്കൗണ്ട് ഉടമകൾ പറയുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ച പലർക്കും ആപ്പ് തുറക്കാനുമാകുന്നില്ല.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യാനുള്ള നിർദേശങ്ങൾ പാലിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയാലും നടപടി പൂർത്തിയാക്കാനുള്ള ഒടിപിയോ എസ്എംഎസോ ലഭിക്കുന്നില്ല. പകരം എസ്ബി001 ടെക്നിക്കൽ എറർ എന്ന സന്ദേശമാണ് ആവർത്തിച്ച് വരുന്നത്. ചിലർക്ക് അക്കങ്ങളും അക്ഷരങ്ങളും ഇടകലർന്ന കോഡ് സന്ദേശം മറുപടിയായി ലഭിക്കുന്നു.

ബാങ്ക് ശാഖയിൽനിന്നുള്ള നിർദേശപ്രകാരം ആപ്പിന്റെ വകഭേദമായ യോനോ ലൈറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നവർക്കും ഇതേ സന്ദേശമാണ് ലഭിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ ബാങ്കിന്റെ വെബ്സൈറ്റിൽ കയറി പണമിടപാട് നടത്താനാണ് ശാഖകളിൽനിന്ന് പറയുന്നത്. ആഴ്ചകളായി ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ ഉന്നതാധികാരികൾ തയ്യാറായില്ല.

RELATED ARTICLES

Most Popular

Recent Comments