പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം : ഒക്ടോബർ നാലിന്

0
58

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം 2021 ഒക്ടോബർ 4-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുകയാണ്. 2021-22 വർഷത്തെ ബഡ്ജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തീകരിച്ചതിനുശേഷം 2021 ആഗസ്റ്റ് 13-നാണ് സഭയുടെ രണ്ടാം സമ്മേളനം അവസാനിച്ചത്. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ചേരുന്ന മൂന്നാം സമ്മേളനം ആകെ 24 ദിവസം ചേർന്നതിനുശേഷം നവംബർ 12-ാം തീയതി അവസാനിപ്പിക്കത്തക്കവിധത്തിലാണ് സമ്മേളന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
പ്രസ്തുത കലണ്ടർ പ്രകാരം 19 ദിവസം നിയമനിർമ്മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കും നീക്കിവച്ചിട്ടുണ്ട്.

നിയമനിർമ്മാണ കാര്യത്തിൽ ആദ്യ രണ്ടുദിവസങ്ങളിൽ സഭ പരിഗണിക്കുന്ന ബില്ലുകൾ കീഴ്വഴക്കമനുസരിച്ച് സ്പീക്കറാണ് നിശ്ചയിക്കുന്നത്. അതിൻ പ്രകാരം ഒക്ടോബർ 4, 5 തീയതികളിൽ താഴെ പറയുന്ന ബില്ലുകളായിരിക്കും സഭയുടെ പരിഗണനയ്ക്കായി വരുന്നതും തുടർന്ന് ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്കായി അയയ്ക്കുന്നതും.

04.10.2021,
തിങ്കൾ
1) 2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ
2) 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ
3) 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ
4) 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ

 

05.10.2021,
ചൊവ്വ 1) 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി
(ഭേദഗതി) ബിൽ
2) 2021 ലെ കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബിൽ
3) 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത
(ഭേദഗതി) ബിൽ

ഒക്ടോബർ 6-ാം തീയതി മുതൽ സഭ പരിഗണിക്കുന്ന ബില്ലുകളെ സംബന്ധിക്കുന്ന വിശദാംശം ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കപ്പെടുക.

വിവിധ സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകൾ
കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ
കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ
കേരള പബ്ലിക് ഹെൽത്ത് ബിൽ
കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ
കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ
കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന പ്രധാനപ്പെട്ട ബില്ലുകൾ.

ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരം പല സന്ദർഭങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട ആകെ 45 ഓർഡിനൻസുകളാണ് ഇപ്പോൾ നിലവിലുള്ളത്. കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സഭാ സമ്മേളന ദിനങ്ങളിൽ ഗണ്യമായ കുറവു വന്ന സാഹചര്യത്തിലാണ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ യഥാസമയം പാസ്സാക്കാൻ കഴിയാതിരുന്നത്. പകരം നിയമ നിർമ്മാണം നടത്താതെ ആവർത്തിച്ചാവർത്തിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനെതിരെ കഴിഞ്ഞ സമ്മേളനത്തിൽ ഒരംഗം ഉന്നയിച്ച ക്രമപ്രശ്നം തീർപ്പാക്കിക്കൊണ്ട് നിയമനിർമ്മാണത്തിനായി ഒരു പ്രത്യേക സഭാ സമ്മേളനം ചേരേണ്ടതാണെന്നും നിലവിലുള്ള എല്ലാ ഓർഡിനൻസുകൾക്കുമുള്ള ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു പാസ്സാക്കുവാൻ പ്രത്യേക പരിശ്രമം ഉണ്ടാകേണ്ടതാണെന്നും ചെയർ റൂൾ ചെയ്തിരുന്നു. അതിൻറെകൂടി പശ്ചാത്തലത്തിലാണ് നിയമ നിർമമാണത്തിനു മാത്രമായി സഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്.

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’- നിയമസഭാ പ്രൊജക്ട് പൂർത്തീകരണത്തിലേക്ക് കടക്കുന്നതിൻറെ ഭാഗമായി സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിൻറെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ 1-ാം തീയതി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിൽ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തിൽ സഭയുടെ സന്ദർശക ഗാലറികളിലേക്ക് പരിമിതമായ തോതിൽ പൊതുജനങ്ങൾക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണിച്ചു വരുന്നുണ്ട്.

സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിൻറെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ എന്നിവർക്കായി വൈവിധ്യമാർന്ന പരിപാടികൾ തുടങ്ങിയവ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ്. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്കരിക്കുന്നതാണ്.