ടോക്യോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി സന്ദർശിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ ശ്രീജേഷിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വഴുതക്കാട് ഡി പി ഐ ഓഫീസിൽ വച്ച് നൽകിയ സ്വീകരണത്തിന് മുന്നോടിയായാണ് ശ്രീജേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
വിദ്യാഭ്യാസ വകുപ്പിലെ സ്‌പോർട്‌സ് വിഭാഗത്തിൽ ജോയിന്റ് ഡയറക്ടർ ആയിരുന്ന ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനു ശേഷം ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിനു ശേഷം ശ്രീജേഷ് ഡയറക്ടർ ആയി സ്ഥാനം ഏറ്റെടുക്കും. ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനു ശേഷം ഇത് ആദ്യമായാണ് ശ്രീജേഷ് തന്റെ ജോലി സ്ഥലത്ത് എത്തുന്നത്.രാവിലെ 9.45 ഓടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ശ്രീജേഷ് മുഖ്യമന്ത്രിയുമായി ഏറെനേരം സംസാരിച്ചു.
തന്റെ ഒളിമ്പിക്‌സ് മെഡൽ മുഖ്യമന്ത്രിയെ കാണിച്ച ശ്രീജേഷ് അദ്ദേഹത്തിന് സമ്മാനമായി ഇന്ത്യൻ ടീമിലെ തന്റെ ജേഴ്‌സിയും നൽകി. അതിനു ശേഷം സ്വീകരണയാത്രയായാണ് ശ്രീജേഷിനെ വഴുതക്കാടുള്ള ഡി പി ഐ ഓഫീസിലെ സ്വീകരണ വേദിയിൽ എത്തിച്ചത്.