ശക്തമായ മഴയിലും കാറ്റിലും പെട്ട് കടലിൽ നങ്കൂരമിട്ടിരുന്ന 9 ബോട്ടുകൾ കാണാതായി

0
43

മത്സ്യബന്ധനത്തിനായി കടലിൽ നങ്കൂരമിട്ടിരുന്ന 9 ബോട്ടുകൾ കാണാതായതായി മത്സ്യത്തൊഴിലാളികൾ പൂവാർ കോസ്റ്റൽ പൊലീസിന് പരാതി നൽകി. പൊഴിയൂർ തെക്കേ കൊല്ലംകോട്, പരുത്തിയൂർ തീരദേശ മേഖലയിലെ ബോട്ടുകളാണ് ഞായറാഴ്ച പെട്ടെന്ന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കാണാതായത്. ബോട്ടുടമകളും മത്സ്യത്തൊഴിലാളികളുമായ തെക്കേ കൊല്ലംകോട് വലവീശും കാണി ചിന്നപ്പന്റെ മകൻ ക്രിസ്തുദാസ്, ക്രിസ്തുദാസിന്റെ മകൻ മാത്യൂസ്, ജെറാൾഡിന്റെ മകൻ പൊയ്പ്പള്ളിവിളാകം മത്യാസ്, ഫിഷർമെൻ കോളനിയിൽ മുത്തപ്പന്റെ മകൻ ലേവി, പരുത്തിയൂർ പുതുവൽ പുരയിടത്തിൽ സിലുവന്റെ മകൻ കുരിശപ്പൻ, പള്ളിവിളാകം സിലുവ കുരിശിന്റെ മകൻ ആൻഡ്രൂസ്, പള്ളിവിളാകത്ത് തമയൻസ്, സിലുകുരിശ് എന്നിവരുടെ ബോട്ടുകളാണ് ശക്തമായ കാറ്റിൽപ്പെട്ട് കണാതായത്.

എല്ലാ ബോട്ടുകൾക്കുമായി ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ബോട്ടുകളിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്ന എൻജിൻ, വല, കരമടി, നൈലോൺ വടം തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ പരാതി ലഭിച്ച ഉടനെ തന്നെ പൂവാർ കോസ്റ്റൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊഴിയൂർ തീരം സന്ദർശിക്കുകയും ഉച്ചയോടെ പൊഴിയൂർ മത്സ്യത്തൊഴിലാളികളെ നേരിട്ട് കണ്ട് മൊഴി എടുക്കുകയും ചെയ്തു.