ഫസൽ വധക്കേസ്: സ്വയംസേവകൻ കുപ്പി സുബീഷിന്റെ ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്

0
86

തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടെ നാലുപേരാണെന്ന മാഹി ചെമ്പ്രയിലെ
ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്. കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദപരിശോധനക്ക് ഉത്തരവിട്ടത്. ശബ്ദസാമ്പിൾ പരിശോധിച്ചശേഷം അത് കുറ്റസമ്മതമൊഴിയിലുള്ള ശബ്ദമായും മൊഴിയുമായും ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകർപ്പ് “നേരറിയാന്” ലഭിച്ചു. ഫസൽ വധക്കേസിൽ സുബീഷിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേകസംഘം നൽകിയ അപേക്ഷയിലാണ് കോടതി ഉത്തരവ്.

ഫസലിനെ കൊന്നത്‌ തങ്ങളാണെന്ന് ആർഎസ്എസുകാരനും കൊലപാതകത്തിൽ പങ്കാളിയുമായ മാഹി ചെമ്പ്രയിലെ സ്വയംസേവകൻ കുപ്പി സുബീഷ്‌ സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഫസൽ കൊലപാതകത്തിന്റെ ഉള്ളുകള്ളികൾ തെളിയിക്കുന്ന നിരവധി ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനന്‍ വധക്കേസിൽ മാഹി ചെമ്പ്രയിലെ സ്വയംസേവകൻ കുപ്പി സുബീഷ്‌ പിടിയിലായതോടെ, പൊലീസിൽ കുറ്റം ഏറ്റുപറയുകയും ചെയ്തു. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം മുമ്പാകെ ഫസല്‍വധത്തിലെ പങ്ക് സുബീഷ് വെളിപ്പെടുത്തിയത്. 2009ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും പങ്കുണ്ടെന്ന് ഇയാള്‍ സുബീഷ് പൊലീസിൽ കുറ്റസമ്മതമൊഴി നൽകിയിരുന്നു.

സുഹൃത്ത് പ്രബീഷ്, ഇല്ലത്തുതാഴെ താമസിക്കുന്ന പണം പലിശയ്ക്ക് നല്‍കിയിരുന്ന പ്രമീഷ്, സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന ഷിനോജ് എന്നിവരും താനും ചേര്‍ന്നാണ് ഫസലിനെ വധിച്ചതെന്ന് 2016ല്‍ സുബീഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. കൊല്ലാന്‍ ആയുധങ്ങള്‍ കൊണ്ടുവന്നത് ഷിനോജ് ആണെന്നും ഇരുമ്പുദണ്ഡും വാളും ഉപയോഗിച്ചാണ് ഫസലിനെ കൊന്നതെന്നും സുബീഷ് പറയുന്നുണ്ട്. ഇതടക്കമുള്ള എല്ലാ സംഭാഷണങ്ങളും ശാസ്ത്രീയമായി പരിശോധിക്കാനാണ് കോടതി ഉത്തരവ്.

മാടപ്പീടികയിലെ എൻഡിഎഫ്‌–ആർഎസ്‌എസ്‌ സംഘർഷമാണ് ഫസൽവധത്തിന്‌ കാരണമായതെന്ന് എമ്പ്രാന്റവിട സുബീഷ്‌ എന്ന കുപ്പി സുബീഷ്‌ പൊലീസിന്‌ നൽകിയ കുറ്റസമ്മതമൊഴിയിൽ പറയുന്നുണ്ട്. പൊലീസിനും സിബിഐക്കും ആർഎസ്‌എസ്‌–ബിജെപി പ്രവർത്തകർ നൽകിയ മൊഴികളിലും ഇതുണ്ട്. പത്രവിതരണക്കാരനായ ഫസല്‍ 2006 ഒക്ടോബര്‍ 22ന് തലശേരി സെയ്ദാര്‍ പള്ളിക്കു സമീപമാണ് കൊല്ലപ്പെട്ടത്. സിപിഐ എം അംഗമായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണം സിപിഐ എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ ആരോപിച്ചത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍, തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇത് ശരിയല്ലെന്ന് ഫസലിന്റെ കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും കാരായിമാരെ ക്രൂശിക്കാനാണ് സിബിഐ ശ്രമിച്ചത്. മാത്രമല്ല, സുബീഷിന്റെ മൊഴി പരിശോധിക്കാൻ പോലും സിബിഐ തയ്യാറായില്ല. പത്തു വര്‍ഷത്തിലധികമായി സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തി വേട്ടയാടുകയായിരുന്നു സിബിഐ. വസ്‌തുതകള്‍ പൊലീസ്‌ സിബിഐയ്‌ക്ക്‌ കൈമാറിയെങ്കിലും പുനരന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാന്‍ സിബിഐ സന്നദ്ധമായില്ല. പകരം കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കള്ളക്കേസിൽ കുടുക്കി സിബിഐ പീഡിപ്പിച്ചു. മാത്രമല്ല, ഇരുവരെയും നാട് കടത്തുകയും ചെയ്തു.

വർഷങ്ങൾക്കുശേഷം ഇരുവർക്കും ജാമ്യം ലഭിച്ചുവെങ്കിലും എറണാകുളം ജില്ലാ വിട്ടുപോകരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഒടുവിൽ ഒമ്പതു വർഷത്തിനുശേഷം ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒടുവിൽ ഒമ്പതു വർഷത്തിന്ശേഷം ഇക്കഴിഞ്ഞ ജൂലൈയിൽ ഫസൽ വധക്കേസിൽ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് സുബീഷിന്റെ ശബ്ദപരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.