Monday
12 January 2026
20.8 C
Kerala
HomeKeralaനിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസവുമായി മന്ത്രി വീണാ ജോര്‍ജ്

നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസവുമായി മന്ത്രി വീണാ ജോര്‍ജ്

എറണാകുളത്ത് നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. വാസന്തി ജോലിയില്‍ പ്രവേശിച്ചു.

ഒരു മാധ്യമ പ്രവര്‍ത്തക പറഞ്ഞാണ് ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥ മന്ത്രിയറിഞ്ഞത്. ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ചപ്പോള്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. 28 വര്‍ഷം അവര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യര്‍ത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.

ജീവിതം വല്ലാത്തൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ഉടന്‍ തന്നെ ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments