Wednesday
17 December 2025
30.8 C
Kerala
HomeIndiaഫാസ് ടാഗില്ലെങ്കിൽ ടോൾ ഇരട്ടിയാകും; ഇന്ന് അർദ്ധരാത്രി മുതൽ

ഫാസ് ടാഗില്ലെങ്കിൽ ടോൾ ഇരട്ടിയാകും; ഇന്ന് അർദ്ധരാത്രി മുതൽ

ദേശീയപാതയിലെ ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കി. ഇക്കൊല്ലം മൂന്നുതവണയായി നീട്ടിനൽകിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഫാസ്‌ടാഗില്ലാത്ത വാഹനങ്ങൾ ഇതോടെ ഇരട്ടിത്തുക ടോൾ നൽകേണ്ടി വരും. കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്താണ്‌ കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിർബന്ധമാക്കിയത്.

2019 ജനുവരി ഒന്നിനാണ് ഫാസ്‌ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ നിർബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും പിന്നീടത് ജനുവരി ഒന്നുമുതൽ എന്നാക്കി. ഇത് പിന്നീട് ഫെബ്രുവരി 15-ലേക്കു നീട്ടുകയായിരുന്നു.

വാഹന ഉടമ മുൻകൂർ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ട്. വാഹനം ടോൾ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോൾ, വിൻഡ് സ്‌ക്രീനിൽ പതിപ്പിച്ച ഇലക്‌ട്രോണിക് ചിപ്പിലൂടെ ടോൾ പ്ലാസയിലെ സ്കാനർ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനിലൂടെ ടോൾ തുക ഈടാക്കും. വാഹനം ടോൾ പ്ലാസ കടക്കുമ്പോൾത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും. ഫാസ്‌ടാഗ് വരുന്നതോടെ മൂന്നു സെക്കൻഡുകൊണ്ട് പണമടച്ച് വാഹനങ്ങൾക്ക് ടോൾ പ്ലാസ കടക്കാം.

പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾത്തന്നെ ഫാസ്‌ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങൾക്ക് ഫാസ്‌ടാഗെടുക്കാൻ ടോൾ പ്ലാസകളിലും അനുവദിച്ചിട്ടുള്ള 23 ബാങ്കുകളുടെ ശാഖകളിലും സൗകര്യമുണ്ട്. ആമസോൺ, പേ ടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈനായും എടുക്കാം. വാഹനത്തിന്റെയും ഉടമയുടെയും തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം.

നൂറുരൂപ കാർഡ് ആക്ടിവേഷൻ ചാർജ്, 200 രൂപ ആദ്യ മിനിമം ഗഡു, 200 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് എന്നിങ്ങനെ 500 രൂപ ആദ്യമടയ്ക്കണം. പിന്നീട് യാത്രയ്ക്കനുസരിച്ച്‌ തുകയടയ്ക്കാം.

നിലവിലോടുന്ന വാഹനങ്ങളിൽ 80 ശതമാനത്തോളം ഫാസ്‌ടാഗിലേക്കു മാറിക്കഴിഞ്ഞതായാണ് ഡിസംബർ 31 വരെയുള്ള കണക്ക്. ദേശീയപാതയിൽ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂർ പാലിയേക്കരയിലെയും ടോൾ പ്ലാസകൾ പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments