തിരുവനന്തപുരം ∙ മൂന്നു ദിവസത്തെ പരിശീലനം സമാപിച്ചപ്പോൾ ആത്മവിശ്വാസം കൂടിയെന്നു മന്ത്രിമാർ. ആകെ 12 മണിക്കൂറാണ് മന്ത്രിമാർ ക്ലാസിൽ ഇരുന്നത്. സമൂഹമാധ്യമങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അവസാന ദിവസം മുഖ്യമന്ത്രിയും പങ്കെടുത്തു. പരിശീലനം മികച്ച അനുഭവമായിരുന്നുവെന്നു മന്ത്രിമാർ പറഞ്ഞു. പ്രായഭേദമെന്യേ എല്ലാ മന്ത്രിമാരും ആവേശത്തോടെ ക്ലാസുകളിൽ ഹാജരായി. അനുഭവസമ്പന്നരും നവാഗതരും ക്ലാസ് ആസ്വദിച്ചു. വിദഗ്ധ പരിശീലനം നൽകിയ ആത്മ വിശ്വാസത്തിന്റെ പിൻബലത്തോടെയാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിനു മന്ത്രിമാർ പോയത്.
ഉദ്യോഗസ്ഥരോട് എന്തു പറയണം, പറയരുത് എന്നു വ്യക്തമായെന്നും അനുഭവ സമ്പത്തു പ്രധാനമാണെങ്കിലും അതിനെക്കാൾ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയരംഗത്തെ അനുഭവത്തിൽ നിന്നു പഠിച്ചതിനു പുറമേ ഇനിയുള്ള ഓട്ടത്തിന് ഈ പരിശീലനം ഇന്ധനം പകരും. ഒരുപാടു പുതിയ കാര്യങ്ങൾ മനസ്സിലാക്കിയെന്നും റിയാസ് പറഞ്ഞു. പരിശീലനം ഫലപ്രദമായിരുന്നെന്നും അതിന്റേതായ ഗുണം ഉണ്ടാകുമെന്നുമായിരുന്നു മന്ത്രി എം.വി.ഗോവിന്ദന്റെ പ്രതികരണം. പരിശീലനം മികച്ച അനുഭവം ആയിരുന്നെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. .
ഉദ്യോഗസ്ഥർ ചട്ടങ്ങൾ പറയുമ്പോൾ അതിന്റെ പരിധിയിൽ നിന്നു കൊണ്ട് അതിനപ്പുറം എന്തു ചെയ്യാമെന്നു മന്ത്രിമാരെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ കെ.ജയകുമാർ അറിയിച്ചു. അതു മന്ത്രിമാർ പരമാവധി ഉൾക്കൊണ്ടുവെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഐഎംജി പരിശീലനം സംഘടിപ്പിച്ചത്. ദിവസവും രാവിലെ 9.30 മുതൽ ഉച്ചവരെയായിരുന്നു ക്ലാസ്.
കൃത്യസമയത്തു തന്നെ മന്ത്രിമാരെല്ലാം ഹാജരായി. മുഖ്യമന്ത്രിയാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യ ദിനത്തിലെ ആദ്യ ക്ലാസിലും അവസാന ദിനത്തിലെ അവസാന ക്ലാസിലും മുഖ്യമന്ത്രിയും പങ്കെടുത്തു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് അവസാന സെഷനിൽ സംസാരിച്ചത്. പുസ്തകങ്ങളും ഗ്രൂപ്പ് ഫോട്ടോയും സമ്മാനിച്ചാണ് ഐഎംജി അധികൃതർ മന്ത്രിമാരെ യാത്രയാക്കിയത്.