ട്രാന്സ്ജെന്ഡര് ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ചതിന് അറസ്റ്റിലായ നെട്ടയം സ്വദേശി ബിനോയി സ്ഥിരം ക്രിമിനൽ. ഇതിനുമുമ്പും സമാന രീതിയിൽ നിരവധിപേരെ ആക്രമിച്ചിട്ടുണ്ട്. ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയശേഷം പണം ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി. ചോദിച്ച തുക കൊടുത്തില്ലെങ്കിൽ തലയടിച്ചു പൊട്ടിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയുമാണ് സ്ഥിരം പരിപാടി. ഏറ്റവുമൊടുവിൽ പട്ടം പ്ലാമൂട് വെച്ച് ആറ്റിങ്ങൽ സ്വദേശി സലീമിനെ ആക്രമിച്ചു. ബൈക്കിൽ ലിഫ്റ്റ് നൽകിയ സലിം പണം കൊടുക്കാത്തതിനാൽ ബിനോയി തലക്കടിക്കുകയായിരുന്നു.
നാട്ടുകാർ ഇടപെട്ടാണ് ബിനോയിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഇതിനുമുമ്പും ബിനോയി ഇതേ രീതിയിൽ നിരവധി പേരെ ആക്രമിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കവടിയാർ ഭാഗത്ത് വെച്ച് ദമ്പതികളെ ആക്രമിച്ചശേഷം ഒളിവിലായിരുന്നു. കവടിയാറിൽ ബൈക്കിൽ വന്ന ദമ്പതികളെയാണ് ഇയാൾ ഇതിനുമുമ്പ് ആക്രമിച്ചത്. ചോദിച്ച പണം കൊടുക്കാത്തതിനായിരുന്നു ആക്രമണം. ബിനോയിക്കെതിരെ മ്യൂസിയം, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ബിനോയി നടത്തുന്ന അക്രമവും പിടിച്ചുപറിയും കാരണം കൊള്ളരുതായ്മകൾക്ക് ഇരയാവുന്നത് നിരപരാധികളായ ട്രാൻസ് മനുഷ്യരാണ്. തിരുവനന്തപുരത്തെ ട്രാൻസ് കൂട്ടായ്മ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നേരത്തെ കൈമാറിയിരുന്നു.