ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവെച്ചതിനെത്തുടർന്ന് പ്രതിസന്ധി നിലനിൽക്കുന്ന പഞ്ചാബിൽ സുഖ്ജിന്തര്‍ സിങ് രണ്‍ധാവെ മുഖ്യമന്ത്രിയാകും. എംഎല്‍എമാരുടെ യോഗത്തില്‍ സമവായമായതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ വാർത്തയോട് പ്രതികരിക്കാന്‍ രണ്‍ധാവ വിസമ്മതിച്ചു.
ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‌വ, അംബിക സോണി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ, എംഎൽഎമാരുടെ യോഗത്തിൽ സുഖ്ജിന്തര്‍ സിങ്ങിന്റെ പേരിനാണ് മുൻതൂക്കം. തുടർന്നാണ് സുഖ്ജിന്തര്‍ സിങ് രണ്‍ധാവെയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിച്ച എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു.
ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയാകാനില്ലെന്ന് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബിക സോണി വ്യക്തമാക്കിയിരുന്നു. സിഖ് സമുദായത്തില്‍ നിന്നുള്ള ആള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്.
സുഖ്‌ജിന്ദർ സിങ് രൻധാവ നിലവിൽ ജയിൽ, സഹകരണ വകുപ്പ് മന്ത്രിയാണ്. 2002ലും 2012ലും 2017ലും ദേര ബാബ നാനക് നിയമസഭ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അമരീന്ദര്‍ സിങിന്റെ വിശ്വസ്‌തനായിരുന്നു. പിന്നീട് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദുവിനൊപ്പം ചേർന്ന് അമരീന്ദറിനെതിരെ കരുനീക്കിയ പ്രധാനികളിൽ ഒരാളാണ്.