Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് വാക്‌സിൻ എടുക്കേണ്ട ജനസംഖ്യ കേന്ദ്രം പുതുക്കി ; വീണ ജോർജ്

സംസ്ഥാനത്ത് വാക്‌സിൻ എടുക്കേണ്ട ജനസംഖ്യ കേന്ദ്രം പുതുക്കി ; വീണ ജോർജ്

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫീസിന്റേയും സെൻസസ് കമ്മീഷണറുടേയും റിപ്പോർട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷൻ പുതുക്കിയിട്ടുണ്ട്. നേരത്തെ 2021ലെ ടാർജറ്റ് പോപ്പുലേഷനനുസരിച്ച് 2.87 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആണ്. ഇതേ മാനദണ്ഡം പാലിച്ച് 18 വയസിനും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളിൽ 58,53,000 ആയും മാറ്റിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് വാക്‌സിനേഷൻ 36.67 ശതമാനമായും (97,94,792) ഉയർന്നു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,35,49,847 ഡോസ് വാക്‌സിനാണ് നൽകാനായത്. അതായത് ഈ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേർക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ നൽകാനുള്ളു. കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. അതിനാൽ തന്നെ കുറച്ച് പേർ മാത്രമാണ് ഇനി ആദ്യഡോസ് വാക്‌സിൻ എടുക്കാനുള്ളത്.

സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിൻ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. കൂടുതൽ വാക്‌സിൻ ലഭ്യമായതോടെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ള വാക്‌സിൻ ഇപ്പോൾ തന്നെ ലഭ്യമാണ്.

വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നതിനാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണ്. ഇനിയും വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്‌സിൻ എടുക്കേണ്ടതാണ്. വാക്‌സിൻ എടുത്താലുള്ള ഗുണഫലങ്ങൾ ശാസ്ത്രീയമായി തെളിയിച്ചതാണ്. കോവിഡ് 19 വാക്‌സിനുകൾ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വാക്‌സിനെടുക്കാൻ ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി അഭ്യാർത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments