രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. നാഷണൽ ഫിംഗർ പ്രിന്റ് ബ്യുറോയും നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയും സംയുക്തമായി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് വിരലടയാള പരിശോധന. ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കേരളത്തിന് കഴിഞ്ഞു. കേരളത്തിലെ ഫിംഗർ പ്രിന്റ് ബ്യുറോക്കും പോലീസിനും ഇത് അഭിമാന നേട്ടമാണ്.
657 കേസുകളിലാണ് വിരലടയാള പരിശോധനയിലൂടെ കുറ്റവാളികളെ കണ്ടെത്താൻ കേരളത്തിന് കഴിഞ്ഞത്. കർണാടക 517 ആന്ധ്ര പ്രദേശ് 412 എന്നിങ്ങനെയാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ.