പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെക്കാൻ സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചു. ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വിവരം സാംസ്‌കാരിക വകുപ്പ് പുറത്ത് വിട്ടത്. മോദിക്ക് ലഭിച്ച വിശിഷ്ട സമ്മാനങ്ങളായ അയോധ്യയിലെ രാമക്ഷേത്രം, തീര്‍ത്ഥാനട കേന്ദ്രമായ ചാര്‍ധാം, രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയുടെ പ്രതിരൂപങ്ങള്‍ (replica), ശില്‍പ്പങ്ങള്‍, പെയിന്റിംഗുകള്‍, അംഗവസ്ത്രങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുന്നത്.വ്യക്തികള്‍ക്കും,സംഘടനകള്‍ക്കും https://pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 7 നും ഇടയില്‍ ഇ-ലേലത്തില്‍ പങ്കെടുക്കാം.
ഇതിൽ നിന്നും ലഭിക്കുന്ന പണം നമാമി ഗംഗ മിഷന്റെ ചിലവിലേക്കായി നൽകുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. അതേസമയം ഒന്നാം എൻ ഡി എ സർക്കാർ കൊട്ടിഘോഷിച്ച നമാമി ഗംഗ മിഷൻ ഗംഗ നദിയുടെ നവീകരണവും സംരക്ഷണവുമാണ് ലക്‌ഷ്യം വെച്ചത് എന്നാൽ അതിനായി അനുവദിച്ച തുക വകമാറ്റി ചിലവഴിച്ചതായും, പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ് എന്നും ആക്ഷേപം ഉയർന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പടെ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ വിമർശിച്ച് വാർത്ത നൽകുകയും ചർച്ചയാവുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് വീണ്ടും പദ്ധതിയുടെ പേരിൽ ലേലം നടത്തുന്നത്. ജന്മദിനത്തോടനുബന്ധിച്ച് മോദി സർക്കാർ നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ട് ആണിതെന്നും, ആ പൈസ കോവിഡ് ചികിത്സയ്‌ക്കോ, ആരോഗ്യ മേഖലയ്‌ക്കോ നൽകുന്നതാണ് ഉചിതമെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
ഇത് കൂടാതെ ടോക്കിയോ പാരാലിംപിക്‌സിൽ മെഡൽ നേടിയ കായിക താരങ്ങളുടെ സ്‌പോര്‍ട്‌സ് ഗിയറും മറ്റ് ഉപകരണങ്ങളും ലേലം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു.