കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഹരിയാന സര്‍ക്കാര്‍, ജുഡീഷ്യല്‍ അന്വേഷണം നടത്തും, കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു

0
51

കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തില്‍ മുട്ടുകുത്തി ഹരിയാന സര്‍ക്കാര്‍. കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മരിച്ചയാളുടെ കുടുംബത്തിലെ രണ്ട് പേര്‍ക്ക് ജോലി നല്‍കും. പരുക്കേറ്റവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാനും നിര്‍ദ്ദേശം നല്‍കി. പോലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ജോലി നല്‍കുക.
ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

ആഗസ്ത് 28നാണ് പൊലീസ് ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബിജെപി യോഗത്തിലേക്ക് കർഷകർ മരിച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പൊലീസ് സമരവളണ്ടിയർമാരെ ആക്രമിച്ചത്.