ക്രമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ സമഗ്ര നിയമം: വി.എന്‍. വാസവന്‍ ; വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സഹകരണ സംഘം ഓഫീസ് തുറന്നു

0
40

 

തിരുവനന്തപുരം: സഹകരണ മേഖലയിലെ ഒറ്റപ്പെട്ട രൂപത്തിലുള്ള ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ നിയമ ഭേദഗതി അടിയന്തരമായി നടപ്പിലാക്കുമെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടന യോഗത്തിലെ അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യങ്ങളായ പദ്ധതികള്‍ ഉള്‍പ്പെട്ട സഹകരണ സംഘങ്ങളാണ് യുവജന സഹകരണ സംഘങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. ചരിത്ര ഏടുകളില്‍ സ്ഥാനം പിടിക്കുന്ന തരത്തിലുള്ള പുതിയ കാല്‍വയ്പ്പാണ് യുവജന സഹകരണ സംഘങ്ങള്‍. നിര്‍മ്മാണം, വ്യവസായം, വ്യാപാരം, ഐടി, കാര്‍ഷിക സേവന രംഗത്തുമുള്ള വിവിധ പദ്ധതികളാണ് യുവ സംഘങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ളവയും കൂടിയാണിവ. ഇവര്‍ക്ക് ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ആവശ്യമായ പരിശീലനവും സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി എത്തി ഒരു സമാന്തര സാമ്പത്തിക സങ്കേതമായി മാറി വിപുലമായ രീതിയിലാണ് ഇന്ന് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് സഹകരണ മേഖല ഏറ്റെടുത്തത്. വായ്പാ പലിശ ഇളവ്, കുറഞ്ഞ പലിശ നിരക്കില്‍ വായ്പ, 2600 കുടുംബങ്ങള്‍ക്ക് ഭവന പദ്ധതി തുടങ്ങിയവയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 226 കോടി രൂപ നല്‍കാനും സഹകരണ മേഖലയ്ക്കു കഴിഞ്ഞു. വിദ്യാതരംഗിണി പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് 78 കോടി രൂപ മൊബൈല്‍ ഫോണും ടാബ് ലെറ്റും ലാപ്‌ടോപ്പും വാങ്ങുന്നതിനും അനുവദിച്ചു. ഇത്തരത്തില്‍ എല്ലാ മേഖലയിലും സഹകരണ മേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ സഹകരണ മേഖലയുടെ മറ്റൊരു ചരിത്രപരമായ കാല്‍വയ്പ്പാണ് യുവജന സഹകരണ സംഘമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് ശാസ്തമംഗലം ശ്രീരംഗം ലൈനിലുള്ള വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് യുവജന സഹകരണ സംഘത്തിന്റെ ഓഫീസ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.