ലൈസന്‍സില്ലാത്ത തോക്ക്: കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ പിടിച്ചെടുത്തു

0
85

 

ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. 18 തോക്കുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിയുടെ തോക്കുകളാണ് ക്‌സ്റ്റഡിയിലെടുത്തത്. ഇതില്‍ പലതിനും എഡിഎം ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍. തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കാശ്മീരിലെ രജൗരി ജില്ലയിലാണ്. ഇതിന്റെ രജിസ്‌ട്രേഷന്റെ സാധുത പരിശേധിക്കുന്നതിനായി രജൗരി കലക്ടറുമായി ബന്ധപ്പെടും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇതേ ഏജന്‍സിയുടെ അഞ്ചു തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.
എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് തോക്കുകള്‍ നല്‍കിയവരെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. കാശ്മീര്‍ പൊലീസിന്റെ സഹായവും തേടി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് എടിഎം കൗണ്ടറിലുള്‍പ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.