Wednesday
4 October 2023
27.8 C
Kerala
HomeKeralaപെട്രോളിയം വിലവർധന, തൊഴിലില്ലായ്‌മ; സെപ്‌തംബര്‍ 9 ജനകീയ പ്രതിഷേധം വിജയിപ്പിക്കുക: സിപിഐ എം

പെട്രോളിയം വിലവർധന, തൊഴിലില്ലായ്‌മ; സെപ്‌തംബര്‍ 9 ജനകീയ പ്രതിഷേധം വിജയിപ്പിക്കുക: സിപിഐ എം

 

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്‌തംബര്‍ 9ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരക്കണക്കിന് കേന്ദ്രങ്ങളിലാണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്‌ദ‌മാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്‌മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ജനകീയ പ്രതിഷേധത്തിനാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തിട്ടുള്ളത്.
കോവിഡ് മഹാമാരി മറയാക്കി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കോര്‍പറേറ്റു വല്‍ക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ ശക്തമായ പ്രതിഷേധം ജനകീയ പ്രതിഷേധത്തില്‍ ഉയരണം. തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി ദുരിതത്തില്‍ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിനായ സാധാരണക്കാര്‍ക്കുമേല്‍ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. കടലും ആകാശവും മണ്ണുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്രം. പാര്‍ലമെന്റില്‍ പോലും തന്നിഷ്‌ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും ബഹുജനങ്ങളോട് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments