കോഴിക്കോട്: മസ്തിഷ്‌ക ജ്വരവും ചര്‍ദ്ദിയും ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചത് നിപ ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ പ്രതിരോധത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കുടുംബാംഗങ്ങളടക്കം അടുത്ത സഹവാസമുള്ളവര്‍ക്ക് അസുഖ ലക്ഷണങ്ങളൊന്നുമില്ല.
അസുഖബാധിതനുമായി ബന്ധമുള്ളവരെ കണ്ടെത്തുമെന്നും നിരീക്ഷണം നടത്തുമെന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
കുട്ടിയുടെ വാര്‍ഡായ മുന്നൂര്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ രണ്ടു വാര്‍ഡുകളും അടച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് കണ്ണംപറമ്ബ് ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തുമെന്നാണ് വിവരം.
അസുഖബാധിതനായ 12 കാരനെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും അവിടുന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു. അവിടെ നിന്ന് അസുഖം മൂര്‍ഛിച്ചതോടെ സംശയം തോന്നിയ ഡോക്ടര്‍മാരാണ് സാമ്ബിള്‍ പൂനെ വൈറസ് ലാബിലേക്ക് അയച്ചത്. അവയില്‍ മൂന്നു സാമ്ബിളും പോസിറ്റീവാകുകയായിരുന്നു.