സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചയുടന്‍ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചിട്ടുണ്ട്. രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ രാവിലെ 10നു കോഴിക്കോട് ഗെസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കണ്‍ട്രോള്‍ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.