ഇന്ന് ശ്രീകൃഷ്ണ ജയന്തി

0
126

ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി നാടെങ്ങും ആഘോഷിക്കപ്പെടുന്ന ഉത്സവമാണ്. ഈ വർഷം, ഓഗസ്റ്റ് 30 നാണ് (തിങ്കളാഴ്ച) ഈ ശുഭദിനം. ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷ്ണൻ ജനിച്ചത് ഭദ്രപാദ മാസത്തിലെ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് (അഷ്ടമി). ‘ഗോകുലാഷ്ടമി’, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഈ ദിവസം അറിയപ്പെടുന്നത്.

ജന്മാഷ്ടമി മഥുരയിലും (ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്തിലും രാജസ്ഥാനിനും വളരെ ആഘോഷപൂ‍ർവ്വമായാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവേ അറിയപ്പെടുന്നത്.

പുരാണങ്ങളിലെ വിശ്വാസ പ്രകാരമാണ് ഈ ദിനം ആഘോഷിക്കുന്നത്. മഥുരയിൽ ദേവകി രാജ്ഞിയുടെയും വസുദേവ രാജാവിനും മകനായി ജനിച്ച കൃഷ്ണനെ അമ്മാവനായ കംസനെ ഭയന്ന് ജനിച്ചയുടനെ കൃഷ്ണന്റെ പിതാവ് വസുദേവൻ ഗോകുലത്തിലെത്തിക്കുകയായിരുന്നു. അവിടെ കൃഷ്ണനെ വളർത്തിയത് നന്ദ​ഗോപരും യശോദയുമാണ്. അതിനാൽ, ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസനെതിരായ വിജയം കൂടിയ അടയാളപ്പെടുത്തുന്നതാണ്.

വിശ്വാസികൾ ഈ ദിവസം മുഴുവൻ ഉപവസിക്കും. ചിലർ ഭക്തിഗാനങ്ങൾ ആലപിക്കുകയും അർദ്ധരാത്രി വരെ ഉറങ്ങാതിരിക്കുകയും ചെയ്യും. കൃഷ്ണൻ അർദ്ധരാത്രിയിൽ ജനിച്ചതിനാൽ, ഈ സമയത്താണ് പൂജ നടത്തുന്നത്. ഈ വർഷം പൂജകൾ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക.

ഭക്തർ ജന്മാഷ്ടമി ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുകയും പൂജയ്ക്ക് ശേഷം പിറ്റേന്ന് പ്രഭാതത്തിൽ വ്രതം അവസാനിക്കുകയും ചെയ്യും. ഓഗസ്റ്റ് 31ന് രാവിലെ 5:58ന് ശേഷം വ്രതം അവസാനിപ്പിക്കാം

കംസന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനാണ് കൃഷ്ണൻ ജനിച്ചത്. ധർമ്മത്തിന്റെ സംരക്ഷകനായും അധർമ്മത്തിന്റെ കൊലയാളിയായും കൃഷ്ണൻ അറിയപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ ജനനം രാജ്യമെമ്പാടും ജന്മാഷ്ടമി ആയി ആഘോഷിക്കുന്നു.

🔹ജന്മാഷ്ടമി ആഘോഷങ്ങൾ

ജന്മാഷ്ടമി ദിവസം അതിരാവിലെ തന്നെ ഭക്തർ കൃഷ്ണ വിഗ്രഹങ്ങൾ പൂക്കളും മയിൽപ്പീലിയും കൊണ്ട് അലങ്കരിക്കും. വെളുത്ത വെണ്ണ, തൈര്, പാൽ എന്നിവയാണ് കൃഷ്ണന് നിവേദ്യമായി നൽകുന്നത്.

ശ്രീകൃഷ്ണൻ അവതരിച്ച ദിനമായ അഷ്ടമി രോഹിണി കൃഷ്ണഭക്തർക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ദിനത്തിൽ ഏതൊരു വ്യക്തിയും അവരവരുടെ രാശിക്ക് അനുസരിച്ച് ദൈവത്തിന് നിവേദ്യം’ സമർപ്പിച്ചാൽ നല്ല കർമ്മവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം