ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കൾക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പുറത്തിറക്കി. മീമീ ആപ്പിലൂടെയുള്ള ആദ്യ വിൽപ്പന ചലച്ചിത്രതാരം ആനിക്ക് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന തീരദേശ വികസന കോർപറേഷന്റ (കെഎസ്‌സിഎഡിസി) സാമൂഹ്യസാമ്ബത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവർത്തനം എന്ന പദ്ധതിക്കു കീഴിൽ ഈ സംരംഭം നടപ്പാക്കുന്നത്.
കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ട്, സാറ്റം (സൊസൈറ്റി ഫോർ അഡ്വാൻസ് ടെക്‌നോളജീസ് ആൻഡ് മാനേജ്മന്റ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഗൂഗിൾ പ്ലേസ്‌റ്റോർ വഴി ഉപഭോക്താക്കൾക്ക് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ് ആദ്യം മീമീ ഫിഷിന്റെ സേവനങ്ങൾ ലഭ്യമാവുക ഫിഷറീസ് ഡയറക്ടർ ആർ.ഗിരിജ, കെഎസ്‌സിഎഡിസി എംഡി ഷേഖ് പരീത്, റോയ് നാഗേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.